ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇരുപത്തിയാറാം വയസ്സിൽ ഗർഭിണിയായിരുന്ന പ്രൈമറി സ്കൂൾ അധ്യാപിക ജീവനൊടുക്കിയത് ഏവരെയും വേദനിപ്പിച്ച വാർത്തയായിരുന്നു. എന്നാൽ മരണത്തിന് പിന്നിലെ അന്വേഷണത്തിൽ അവൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളാണ് അവളെ മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഗർഭിണിയായിരുന്ന കാലഘട്ടത്തിൽ അവൾക്ക് ശാരീരികമായി വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അവളുടെ പ്രശ്നങ്ങൾ പരിഹരിച്ച് അവൾക്ക് താങ്ങാവേണ്ട ഡോക്ടർമാരും നേഴ്സുമാരും അവളുടെ ഉത്കണ്ഠ ശരിയായ രീതിയിൽ കണക്കിലെടുക്കാതിരുന്നത് അവളുടെ മാനസികാരോഗ്യം തകർക്കുന്നതിന് ഇടയാക്കി. ഇതാണ് പിന്നീട് അവളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണ്. പങ്കാളിയായ എഡ്ഢി ലെക്കിനൊപ്പം തങ്ങളുടെ ആദ്യത്തെ കുരുന്നിനെ പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് ഇരുപത്തിയാറുകാരിയായ ജെസീക്കാ ക്രോൺഷോ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഗർഭിണിയായതോടൊപ്പം അവളെ അലട്ടിയ ഒരു പ്രശ്നമായിരുന്നു ഹൈപ്പർമെസിസ് ഗ്രാവിഡാറം എന്ന അവസ്ഥ. ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് കഠിനമായ ഛർദി ഉണ്ടാകുന്ന അവസ്ഥയാണിത്. വെയിൽസ് രാജകുമാരിയായ കാതറിന്റെ ഗർഭാവസ്ഥയിൽ ഈ പ്രശ്നം നേരിട്ടിരുന്നതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ അവസ്ഥ ജെസീക്കയെ ശാരീരികമായും മാനസികമായും വളരെയധികം തളർത്തി.

തനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാരോട് അറിയിച്ചെങ്കിലും, അവളുടെ മാനസിക അവസ്ഥയെ സംബന്ധിച്ച് ഡോക്ടർമാർ യാതൊരു വിവരങ്ങളും അവളോട് അന്വേഷിച്ചിരുന്നില്ലെന്ന് ഇപ്പോൾ അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്. അവളുടെ രോഗാവസ്ഥകളിൽ നിന്ന് അവൾക്ക് ആശ്വാസം ലഭിക്കുന്ന മരുന്ന് ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നതാണെന്ന തെറ്റായ വിവരവും ഡോക്ടർമാർ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മൂലം മരുന്നിന്റെ ഡോസ് കുറയ്ക്കുവാൻ അവൾ തന്നെ തീരുമാനിച്ചു. തങ്ങളുടെ അവസ്ഥകൾക്കും പ്രശ്നങ്ങൾക്കും ആരും തന്നെ പ്രാധാന്യം നൽകിയിരുന്നില്ലെന്ന് പങ്കാളിയായ എഡ്ഢിയും പറഞ്ഞു. ആറാഴ്ചകൾക്ക് ശേഷമാണ് ജെസീക്കയെ ലങ്കാഷെയറിലെ അക്‌റിംഗ്ടണിലുള്ള വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ അമ്മ കണ്ടെത്തിയത്. അടിയന്തരമായി ആശുപത്രിയിൽ എത്തിച്ച് സിസേറിയനിലൂടെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മരണത്തെ അതിജീവിച്ചില്ല.

ജെസീക്കയുടെ മരണശേഷം അവളുടെ കുടുംബം ഉയർത്തിയ നിലപാടായിരുന്നു ഗർഭിണിയായ സ്ത്രീകൾക്ക് വേണ്ട പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത്. അവൾക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നത് മൂലമാണ് ജെസീക്ക ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അന്വേഷണം നടത്തിയ കൊറോണർ കെയ്റ്റ് ബിസെറ്റ് കണ്ടെത്തി. സ്ത്രീകളുടെ ഈ അവസ്ഥയെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകണമെന്ന ആവശ്യവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. ഇത്തരമൊരു ദുരന്തം ഇനി ഉണ്ടാകാതിരിക്കാൻ സ്ത്രീകളുടെ പരിചരണത്തിലും ചികിത്സയിലും വലിയ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നാണ് ജെസീക്കയുടെ കുടുംബം ഇപ്പോൾ പ്രതീക്ഷിക്കുന്നത്.