ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈറ്റാനിക്ക് ദുരന്തത്തിൽ മരിച്ച സമ്പന്നനായ യാത്രക്കാരൻ ഐസിഡോർ സ്ട്രോസ് ഉപയോഗിച്ചിരുന്ന 18 കാരറ്റ് സ്വർണ്ണ പോക്കറ്റ് വാച്ച് ലേലത്തിൽ £1.78 മില്യൺ(ഏകദേശം ₹19 കോടി) എന്ന റെക്കോർഡ് വിലയ്ക്ക് വിറ്റു. ടൈറ്റാനിക്ക് കപ്പൽ 1912 ഏപ്രിൽ 14-ന് മഞ്ഞുപാളിയിൽ തട്ടിയാണ് മുങ്ങിയത്. അപ്പോൾ തന്നെ ഈ വാച്ചും 2:20 – ന് രാവിലെ നിലച്ചിരുന്നു . സ്ട്രോസിന്റെ മൃതശരീരത്തിൽ നിന്നാണ് അത് ദിവസങ്ങൾക്കുശേഷം കണ്ടെത്തിയത്.

സ്ട്രോസ് മാസീസ് ഡിപ്പാർട്ട്മെന്റ് സ്റ്റോറിന്റെ സഹ ഉടമയായിരുന്നു. കപ്പൽ മുങ്ങുന്ന രാത്രിയിൽ ഭാര്യയായ ഐഡ സ്ട്രോസ് ഭർത്താവിനെ കൂടാതെ ലൈഫ് ബോട്ടിൽ കയറാൻ വിസമ്മതിക്കുകയായിരുന്നു. ഐഡയുടെ ശരീരം കണ്ടെത്താനായില്ലെങ്കിലും, ഐസിഡോറിന്റെ വാച്ച് കുടുംബം തലമുറകളായി സൂക്ഷിച്ചു. പിന്നീട് അദ്ദേഹത്തിൻറെ വംശജനായ കെനനത്ത് ഹോളിസ്റ്റർ സ്ട്രോസ് അത് പുനരുദ്ധരിക്കുകയും ചെയ്തു.

ടൈറ്റാനിക്കുമായി ബന്ധപ്പെട്ട ലേലത്തിൽ മൊത്തം £3 മില്യൺ വിലവരുന്ന വസ്തുവകകൾ ആണ് വിറ്റു പോയത് . ഇതിൽ ഐഡ എഴുതിയ കത്ത് £100,000-ക്കും, യാത്രക്കാരുടെ പട്ടിക £104,000-ക്കും ലേലത്തിൽ പോയി . സ്ട്രോസ് ദമ്പതികളുടെ അതുല്യമായ സ്നേഹകഥയും ടൈറ്റാനിക്ക് സംബന്ധിച്ച ലോകത്തിന്റെ തുടർച്ചായ ആകർഷണവും തന്നെയാണ് ഈ റെക്കോർഡ് വിലയ്ക്കു കാരണം എന്നാണ് ലേലം നടത്തിയവർ പറയുന്നത്.

ടൈറ്റാനിക്കിലെ ഈ യഥാർത്ഥ സ്നേഹകഥ സിനിമയിലും ഇടം നേടിയിരുന്നു . വെള്ളം കയറി നിറയുന്ന ക്യാബിനിൽ കിടക്കയിൽ ചേർന്ന് കിടക്കുന്ന വയോധിക ദമ്പതികളുടെ ദൃശ്യങ്ങൾ ഐസിഡോർ–ഐഡ സ്ട്രോസ് ദമ്പതികളെ ആസ്പദമാക്കിയതാണെന്നു സംവിധായകൻ പറഞ്ഞിരുന്നു . ചിത്രത്തിലെ ഏറ്റവും ഹൃദയഹാരിയായ ദൃശ്യങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ജെയിംസ് കാമറൂൺ തന്നെ പിന്നീട് നൽകിയ അഭിമുഖങ്ങളിൽ, ഈ ദമ്പതികളുടെ അവസാന നിമിഷങ്ങളെ ബഹുമാനത്തോടെ അവതരിപ്പിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയതായും വ്യക്തമാക്കിയിരുന്നു.











Leave a Reply