മലയാളം യുകെ ന്യൂസ് ടീം.

സ്കിൽഡ് മൈഗ്രേഷൻ യുകെയുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്ന ഒരു പ്രധാന ഘടകമാണെന്ന് ഹോം ഓഫീസ്. മലയാളം യുകെ പ്രൊമോട്ട് ചെയ്ത ഇ പെറ്റീഷനോട് ഗവൺമെന്റ് പ്രതികരിച്ചു. ടയർ 2 വിസയിൽ ജോലി ചെയ്യുന്ന നഴ്സുമാർ സെറ്റിൽമെൻറിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞ ശമ്പളം 35,000 പൗണ്ട് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ഭാവിയിൽ നഴ്സുമാരെ ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ നിന്ന് മാറ്റിയാലും സെറ്റിൽമെൻറ് സമയത്ത് അവർക്ക് ഇളവ് ലഭിക്കും. മൈഗ്രേഷൻ അഡ്‌വൈസറി കമ്മിറ്റി എന്ന സ്വതന്ത്ര ചുമതലയുള്ള ബോഡിയുടെ നിർദ്ദേശ പ്രകാരമാണ്  നിലവിൽ 35,000 പൗണ്ട് എന്ന മിനിമം ശമ്പള പരിധി സെറ്റിൽമെൻറിന് ഏർപ്പെടുത്തിയിരുന്നത്. ആനന്ദ് കുമാർ എന്ന ഫിസിയോ തെറാപ്പിസ്റ്റ് ആരംഭിച്ച പെറ്റീഷന് വിപുലമായ പബ്ളിസിറ്റി നല്കാനും നിരവധി രാഷ്ട്രീയ നേതാക്കളെ ബന്ധപ്പെട്ട് ഓൺലൈൻ ഒപ്പുശേഖരണത്തിന് വൻ പ്രചാരം നല്കാനും മലയാളം യുകെ ന്യൂസ് ടീം നടപടികൾ സ്വീകരിച്ചിരുന്നു. ഇ പെറ്റീഷൻറെ ലിങ്കും മലയാളം യുകെ നിരവധി തവണ പ്രസിദ്ധീകരിച്ചിരുന്നു. 10,000 ഓൺലൈൻ ഒപ്പുകൾ ലഭിക്കുമ്പോളാണ് ഗവൺമെൻറ് പ്രതികരിക്കുന്നത്. നിലവിൽ 13,000ലേറെ ഒപ്പുകൾ ലഭിച്ചു കഴിഞ്ഞു.

ന്യൂസ് പബ്ളിഷിംഗിൽ രണ്ടാം വർഷത്തിലേയ്ക്ക് കടക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസിൻറെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് ഈ പെറ്റീഷൻറെ വിജയം. നിരവധി മലയാളികൾ ഈ പെറ്റീഷനിൽ മലയാളം യുകെ ന്യൂസിലെ ലിങ്ക് വഴി ഒപ്പു വയ്ക്കുകയും തങ്ങളുടെ ജോലി സ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട ലിങ്ക് ഷെയർ ചെയ്ത് നല്കുകയും ചെയ്തിരുന്നു. മലയാളം യുകെ നല്കിയ പിന്തുണയ്ക്കു ഇപെറ്റീഷനു തുടക്കമിട്ട ബർമിങ്ങാമിൽ ജോലി ചെയ്യുന്ന ആനന്ദ് കുമാർ നന്ദി അറിയിച്ചു. സെറ്റിൽമെന്റിന് അപേക്ഷിക്കുമ്പോൾ ഹോം ഓഫീസ് അപേക്ഷ നിരസിക്കുമോ എന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന നിരവധി മലയാളി നഴ്സുമാർക്ക് ഈ നയം മാറ്റം ആശ്വാസമാകും. നെറ്റ് മൈഗ്രേഷനിൽ കുറവ് വരുത്താൻ ശ്രമിക്കുന്നതിനോടൊപ്പം വിദഗ്ദരായ വർക്ക് ഫോഴ്സിനെ രാജ്യത്ത് സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഗവൺമെന്റ് എന്ന് പ്രതികരണത്തിൽ പറയുന്നു. 100,000 ഒപ്പുകൾ ലഭിച്ചാൽ ഈ പെറ്റീഷനേക്കുറിച്ച് പാർലമെൻറിൽ ചർച്ച നടക്കും. കുറഞ്ഞ ശമ്പളം 35,000 പൗണ്ട് ഉണ്ടെങ്കിൽ മാത്രമേ പി.ആറിന് അപേക്ഷിക്കാൻ യോഗ്യത ഉണ്ടാവുകയുള്ളൂ എന്ന നിയമത്തിൽ ഇളവ് വേണമെന്നാണ് പെറ്റീഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. മലയാളികൾ അടക്കം നിരവധി പേർക്ക് ഈ ശമ്പള പരിധി നിയമം മൂലം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. നിരവധി പേർക്ക് പി.ആർ അപേക്ഷകൾ നിരസിക്കപ്പെടുന്ന സാഹചര്യവും ഇതുമൂലം സംജാതമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

NHS അടക്കമുള്ള പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് തുടക്ക ശമ്പളം ഇപ്പോഴും വളരെ കുറവാണ്. നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയമം ബാധകം. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഈ കുറഞ്ഞ ശമ്പള പരിധി നിയമം ഹോം ഓഫീസ് നടപ്പിലാക്കിയത്. ഓവർ ടൈം, അലവൻസ്‌, ബോണസ് അടക്കം പലർക്കും 35,000 പൗണ്ടിനു മുകളിൽ വാർഷിക ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഇത്രയും അടിസ്ഥാന ശമ്പളം വേണമെന്ന ഹോം ഓഫീസിൻറെ കടുംപിടുത്തം ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്. ഇന്ത്യയിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തിരുന്നവർ കൂടുതൽ മെച്ചപ്പെട്ട ജീവിത നിലവാരം ലക്ഷ്യമാക്കി യുകെയിലേക്ക് ചേക്കേറിയപ്പോൾ ഇങ്ങനെ ഒരു നിയമ മാറ്റം മുന്നിൽ കണ്ടിരുന്നില്ല. നാട്ടിലേയ്ക്കു തിരിച്ചു പോകേണ്ടി വരുന്ന അവസ്ഥ മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യൻ കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കുകയായിരുന്നു.

ഗവൺമെൻറിന്റെ പ്രതികരണത്തിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://petition.parliament.uk/petitions/176987