2023 ഒക്ടോബര്‍ ഏഴിന് തങ്ങളുടെ രാജ്യത്ത് കടന്നു കയറി നൂറുകണക്കിനാളുകളെ വെടിവെച്ച് കൊല്ലുകയും നിരവധിപേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്ത ഹമാസിനോടും അവരെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള, ഹൂതി തുടങ്ങിയ ഇസ്ലാമിക സായുധ സംഘടനകളോടും ഇവര്‍ക്കെല്ലാം പിന്തുണ നല്‍കുന്ന ഇറാനെതിരെയുമുള്ള നിരന്തര പോരാട്ടത്തിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്രയേല്‍.

ഇസ്രയേലിന്റെ നെഞ്ചിലൂടെ ആ വാള്‍ കടന്നു പോയിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നത്തെ രാത്രി നിര്‍ണായകമെന്നാണ് വിദേശ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഈ മാസം ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞെങ്കിലും അതുണ്ടായിട്ടില്ല.

ഇന്നു രാത്രി ഇസ്രയേല്‍ പൂര്‍ണ ശേഷിയോടെ എതിരാളികളെ ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ നിലയങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്ന അഭ്യൂഹവും ശക്തമാണ്. ഇറാന്റെ ആണവ നിലയങ്ങള്‍ അക്രമിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭ്യര്‍ത്ഥന മറികടന്ന് പ്രത്യാക്രമണം നടത്താനാണ് ഇസ്രയേല്‍ ഒരുങ്ങുന്നതെന്ന് സിഎന്‍എന്‍ അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസിനെതിരെ ആരംഭിച്ച യുദ്ധം ഒരു വര്‍ഷത്തോടടുക്കുമ്പോഴും പൂര്‍ണ വിജയത്തിലെത്തിക്കാന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല. തുടര്‍ന്ന് ഹിസ്ബുള്ളയും ഹൂതികളും ഹമാസിന് പിന്തുണയുമായി ഇസ്രയേലിനെതിരെ തിരിഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹമാസിനെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ കഴിയാത്തത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കഴിവുകേടായാണ് ഇസ്രയേലിലെ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഹമാസിന്റെയും ലെബനനിലെ ഹിസ്ബുള്ളയുടെയും പ്രധാനപ്പെട്ട നേതാക്കളെ വധിക്കാന്‍ കഴിഞ്ഞെങ്കിലും യുദ്ധം ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ സര്‍ക്കാരിന്റെ ഭാവി അത്ര ശോഭനമാകില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന് വ്യക്തമായറിയാം.

അതിനിടെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. കഴിഞ്ഞ രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ മുപ്പതിലേറെ വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ രാത്രിയില്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയത്. ലെബനനിലെ ഏറ്റവും ഭീകര രാത്രിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. രാത്രിയില്‍ വന്‍ പൊട്ടിത്തെറികളും പുകപടലങ്ങളും പ്രകാശവുമായിരുന്നു ബെയ്‌റൂട്ടിലെ ആകാശത്തിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ സൈന്യം നാനൂറിലധികം ഹിസ്ബുള്ള പോരാളികളെ വധിച്ചതിന് പിന്നാലെയാണ് രാത്രിയില്‍ വീണ്ടും അക്രമണം നടത്തിയത്.

അതേസമയം ഗാസയില്‍ യുദ്ധം ആരംഭിച്ച് ഇതുവരെ 41,870 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 97,000 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.