മലയാളം യുകെ ന്യൂസ് ടീം.

സമത്വത്തിൻറെയും സമ്പൽ സമൃദ്ധിയുടെയും ഉത്സവമായ  ഓണം ഇന്ന് ലോകമെങ്ങും ആഘോഷിക്കുന്നു. മാവേലി നാടു വാണിടും കാലം മാനുഷരെല്ലാരും ഒന്നുപോലെ എന്ന ഈരടികളെ അന്വർത്ഥമാക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമയോടെ ഇന്ന് ഓണമൊരുക്കും. വർണാഭമായ അത്തപ്പൂക്കളവും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് കേരളത്തിലെ ഓണാഘോഷം. എല്ലാ മതസ്ഥരും ഒരുമയോടെ ഓണമാഘോഷിക്കുമ്പോൾ മതേതര സംസ്കാരത്തിൻറെ വക്താക്കളായി മലയാളികൾ മാറുന്ന കാഴ്ചയാണ് എങ്ങും. പ്രവാസികളായ മലയാളികൾ ഓണാഘോഷത്തിൽ എന്നും ഒരു പടി മുന്നിൽ തന്നെയാണ്. പ്രവാസി മലയാളികൾ ധാരാളമുള്ള ഗൾഫ് രാജ്യങ്ങളിലും യുകെ, അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ എന്നീ രാജ്യങ്ങളിലും വമ്പിച്ച ഓണാഘോഷ പരിപാടികളാണ് നടക്കുന്നത്. യുകെയിലെ വിവിധ അസോസിയേഷനുകളും ജനകീയ കൂട്ടായ്മകളും സെപ്റ്റംബർ മാസത്തിൽ ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രവാസി മലയാളികൾക്ക് എന്നും ഗൃഹാതുരത്വത്തിൻറെ ഓർമ്മയാണ് ഓണം. ഊഞ്ഞാലാടിയതും പൂവിറുത്തതും പൂക്കളമിട്ടതും എല്ലാം മനസിൽ നിറയുന്ന ദിനങ്ങൾ. ജോലിത്തിരക്കുകൾക്കിടയിൽ ജന്മനാട്ടിൽ നിന്നും ആയിരക്കണക്കു മൈലുകൾക്കപ്പുറം ആ സന്തോഷത്തിൻറെ ദിനങ്ങളെ സ്മരിക്കുന്ന ദിനം. നിറപറയും നിലവിളക്കും സാക്ഷിയായി തിരുവോണത്തെ വരവേൽക്കുന്ന ലോകമെങ്ങുമുള്ള മലയാളികൾക്ക് മലയാളം യുകെ ന്യൂസിൻറെ തിരുവോണാശംസകൾ..