ബിബിന്‍ ഏബ്രഹാം

സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ്’ നടത്തുന്ന മൂന്നാമത് അഖില യു.കെ വടംവലി മത്സരം സെപ്റ്റംബര്‍ 24ന് ഞായറാഴ്ച്ച കെന്റിലെ ഹിലഡന്‍ബോറോയില്‍ വെച്ചു നടക്കും. യുകെയിലെ ഒരോ മലയാളിയും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന കരുത്തിന്റെ പോരാട്ടത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം തുടര്‍ച്ചയായി അഖില യുകെ വടംവലി മത്സരം നടത്തി യുകെയിലെ മലയാളികള്‍ക്കിടയില്‍ വടംവലി മത്സരത്തിനു പുതിയ മാനവും രൂപവും പ്രദാനം ചെയ്ത സഹൃദയ വീണ്ടും അഖില യുകെ വടംവലി മത്സരവുമായി കടന്നു വരുന്നത് കഴിഞ്ഞ കാലഘട്ടത്തിന്റെ എല്ലാ ആവേശവും അനുഭവസമ്പത്തും ഉള്‍കൊണ്ടാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും യു.കെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുത്തു ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തിങ്ങിനിറഞ്ഞ ആയിരത്തില്‍പരം കാണികളുടെ ആവേശം വാനോളമുയര്‍ത്തിയിരുന്നു.

ഈ വേളയും യുകെയിലെ പ്രമുഖ ടീമുകള്‍ എല്ലാം തന്നെ പങ്കെടുക്കുന്ന കരുത്തിന്റെ പോരാട്ടം കാണികള്‍ക്ക് അത്യാഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കമെന്നതില്‍ സംശയം ലവലേശമില്ല. ഈ പോരാട്ടത്തിന്റെ എല്ലാ ആവേശവും ഒപ്പിയെടുത്തു ലോക മലയാളികള്‍ക്കു ലൈവായി കാണുവാന്‍ ഉള്ള സൗകര്യം ഗര്‍ഷോം ടിവി ഒരുക്കുന്നതാണ്. ഈ മത്സരത്തിനോടൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് ആസ്വദിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ്, മറ്റു മത്സരങ്ങള്‍ കൂടാതെ ലക്കി ഡ്രോ, ലേലം വിളി, മിതമായ നിരക്കില്‍ രുചിയൂറും കേരളാ ഫുഡ് സ്റ്റാള്‍, സൗജന്യ പാര്‍ക്കിംഗ് തുടങ്ങിയവ സഹൃദയ ഒരുക്കുന്ന സവിശേഷതകള്‍ ആണ്.

മലയാളി മനസ്സിന്റെ എക്കാലത്തെയും ആവേശവും അഹങ്കാരവുമായ കരുത്തിന്റെ പോരാട്ടത്തിന്റെ എല്ലാ ഒരുക്കങ്ങളും അതിന്റെ പൂര്‍ണതയിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ആരായിരിക്കും ഈ വര്‍ഷത്തെ മല്ലന്മാര്‍, ആരായിരിക്കും അട്ടിമറി വീരന്മാര്‍, ആരായിരിക്കും സഹൃദയയുടെ ചാമ്പ്യന്‍ ട്രോഫി ഉയര്‍ത്തുക എന്നു അറിയുവാനായി വടംവലിയെ സ്‌നേഹിക്കുന്ന ഒരോ യു.കെ മലയാളിയും കെന്റിലേക്ക് ഉറ്റുനോക്കുകയാണ്.

ഈ പോരാട്ടം ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ ടീം സഹൃദയ യുകെയിലെ എല്ലാ വടംവലി ടീമുകളുടെയും വടംവലി പ്രേമികളുടെയും ഹൃദയം നിറഞ്ഞ പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. ടീം രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.

പ്രസിഡന്റ്- സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
സെക്രട്ടറി – ബിബിന്‍ എബ്രഹാം- 07534893125
ട്രഷറര്‍ – ബേസില്‍ ജോണ്‍- 07710021788

മത്സരം നടക്കുന്ന വേദിയുടെ വിലാസം
Sackville school, Tonbridge Road, Hildenborough, Kent, TN11 9HN