സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച് വെറും ആറ് ആഴ്ച പ്രായമുള്ള കുഞ്ഞു മരിച്ചതായി എൻ എച്ച് എസ്. മെയ് 3 നാണ് കുട്ടി ആശുപത്രിയിൽ വെച്ച് മരിച്ചതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ബ്രിട്ടനിൽ കോവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഈ കുട്ടി. കോവിഡ് 19 ബാധിച്ച് ഇന്ന് 409 പേർ യുകെയിലെ ആശുപത്രികളിൽ മരിച്ചുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 31,024 ആയി ഉയർന്നു. ഇംഗ്ലണ്ടിൽ 332 മരണങ്ങളും വെയിൽസിൽ 28 ഉം സ്‌കോട്ട്‌ലൻഡിൽ 49 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് മരണനിരക്ക് വർധിച്ചത്. വടക്കൻ അയർലൻഡിലെ കണക്കുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. വെളുത്തവർഗ്ഗക്കാരേക്കാൾ കറുത്തവർഗക്കാർ കൊറോണ വൈറസ് മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) വെളിപ്പെടുത്തിയതിന് ശേഷമാണ് ഏറ്റവും പുതിയ ആശുപത്രി കണക്കുകൾ പുറത്തുവന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആറുമാസത്തിനുള്ളിൽ രാഷ്ട്രത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അഞ്ച് ഇന പദ്ധതി, പ്രധാനമന്ത്രി ഞായറാഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. അതിനാൽ തന്നെ ലോക്ക്ഡൗണിൽ ചില ചെറിയ മാറ്റങ്ങൾ തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുകെയുടെ മരണസംഖ്യ ഇപ്പോൾ യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കായതിനാൽ രണ്ടാം ഘട്ട രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ദർ ഭയപ്പെടുന്നു. സാഹചര്യം വഷളാകാതിരിക്കാൻ പരമാവധി ജാഗ്രതയോടെ മാത്രം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ രണ്ടാം ലോകമഹായുദ്ധ നായകന്മാരുടെ അതേ മനോഭാവം ബ്രിട്ടന് ആവശ്യമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ (വി ഇ ദിനം ) 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു ജോൺസൻ. രണ്ടാം ലോകമഹായുദ്ധ സമയത്ത് സായുധ സേനയിൽ സേവനമനുഷ്ഠിച്ചവർ ‘ഇതുവരെ ബ്രിട്ടനിൽ ജീവിച്ചിരുന്നവരിൽ വെച്ച് ഏറ്റവും വലിയ തലമുറയാണ്’ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 1945 മെയ് 8 നായിരുന്നു ജർമ്മനി കീഴടങ്ങിയതിനെ തുടർന്ന് യൂറോപ്പിലെ യുദ്ധം അവസാനിച്ചതായി പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പ്രഖ്യാപിച്ചത്. അതിന്റെ 75-ാം വാർഷികമാണ് ഇന്ന് കൊണ്ടാടുന്നത്.