ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലദേശിനെതിരെ. ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ പാപഭാരം കഴുകി കളയണമെങ്കില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ബംഗ്ലദേശിനാകട്ടെ സെമി സാധ്യത നിലനിര്‍ത്താന്‍ ഈ മല്‍സരത്തില്‍ ജയിച്ചേ മതിയാകൂ. ഇന്ത്യ ഇംഗ്ലണ്ട് മല്‍സരം നടന്ന എജ്ബാസ്റ്റണിലാണ് ഇന്നത്തെ മല്‍സരവും.സെമി ബര്‍ത്തിനപ്പുറം ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ കറ കഴുകിക്കളായാനാകും ഇന്ത്യ ബംഗ്ലദേശിനെതിരെ എജ്ബാസറ്റനില്‍ ഇറങ്ങുക. ജയം ഇന്ത്യയെ ആധികാരികമായി സെമിയിലെത്തിക്കും. തോറ്റാല്‍ ആരാധകരുടെ വിമര്‍ശന ശരങ്ങളേറ്റ് സമ്മര്‍ദത്തോടെ ശ്രീലങ്കയ്ക്കെതിരെ കളിക്കേണ്ടി വരും.
എജ്ബാസ്റ്റണിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു സ്പിന്നറെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. പകരം ഒരു ബാറ്റ്്സ്മാനോ ഭുവനേശ്വര്‍ കുമാറോ ടീമിലെത്താം. ബാറ്റ്സ്മാന് അവസരം നല്‍കാനാണ് തീരുമാനമെങ്കില്‍ പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായ രവീന്ദ്ര ജഡേജയ്ക്കായിരിക്കും നറുക്ക്. ഫോമിലല്ലാത്ത കേദാര്‍ ജാദവിനെ മാറ്റുകയാണെങ്കില്‍ ദിനേശ് കാര്‍ത്തിക്കിന് അവസരം ലഭിച്ചേക്കാം. കഴിഞ്ഞ മല്‍സരത്തിനിടെ പരുക്കേറ്റ കെഎല്‍ രാഹുല്‍ ബംഗ്ലദേശിനെതിരെ കളിക്കുമെന്നാണ് സൂചന.
മറുവശത്ത് ഒരു തോല്‍വി ബംഗ്ലദേശിന്‍റെ ലോകകപ്പ് സാധ്യതകള്‍ക്ക് പൂര്‍ണ വിരാമം ഇടും. ഇന്ത്യക്കും പാക്കിസ്ഥാനും എതിരെ ജയിച്ചാല്‍ മാത്രമേ ബംഗ്ലദേശിന് സെമിയിലേക്ക് അല്‍പമെങ്കിലും സാധ്യതയുള്ളൂ. ഇന്ത്യക്കെതിരെ എന്നും തിളങ്ങിയിട്ടുള്ള ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനിലാണ് ബംഗ്ലദേശിന്‍റെ പ്രതീക്ഷകള്‍. ഈ ലോകകപ്പില്‍ 476 റണ്‍സും പത്ത് വിക്കറ്റും നേടിക്കഴിഞ്ഞ ഷാക്കിബ് ഉജ്വല ഫോമിലാണ്. ഇന്ത്യക്കെതിരെ മൂന്നു പേസര്‍മാരെ കളിപ്പിക്കുന്നത് ബംഗ്ലദേശിന്‍റെ പരിഗണനയിലുണ്ട്.
പരുക്കേറ്റ് വിശ്രമത്തിലായിരുന്ന വെറ്ററന്‍ താരം മുഹമ്മദുള്ള തിരികെയെത്തുന്നത് ബംഗ്ലദേശിന്‍റെ ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരും. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസും ബംഗ്ലാ നിരയിലുണ്ടാകും. ഏഷ്യാകപ്പിലും നിദാഹസ് കപ്പിലും ഫൈനലില്‍ ഇന്ത്യയോട് തോറ്റ ബംഗ്ലദേശിന് എജ്ബാസ്റ്റണില്‍ ജയിച്ചാല്‍ അത് ത്രിമധുരമാകും.
Leave a Reply