അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ബ്രിട്ടനില്‍ വെള്ളിയാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ടോം ആദിത്യക്കു അത്യുജ്ജ്വല വിജയം. ലേബര്‍ പാര്‍ട്ടി കുത്തക സീറ്റ് വന്‍ ഭൂരിപക്ഷത്തിലൂടെ ടോമിലൂടെ നേടിയെടുത്തു. തുടര്‍ച്ചയായി ടോമും പാര്‍ട്ടിയും ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്ന് നേടുന്ന മൂന്നാമത്തെ അഭിമാനകരമായ വിജയമാണിത്. ബ്രെക്സിറ്റ് വിഷയവുമായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വന്‍ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന തെരഞ്ഞെടുപ്പില്‍ പോലും തന്റെ ഭൂരിപക്ഷം കൂട്ടി തിളങ്ങുന്ന വിജയം നേടുവാന്‍ കഴിഞ്ഞതില്‍ പാര്‍ട്ടിയും ടോമും ആവേശത്തിലാണ്. തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷം പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് നിനച്ചിരിക്കാതെ മത്സര ഗോദയില്‍ ഇറങ്ങേണ്ടിവന്ന ടോമിന് ഈ വിജയം തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കരുതാം.

ടോമിന്റെ പ്രവൃത്തി മേഖലയിലും, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തന പഥങ്ങളിലും ജനങ്ങളോടു പുലര്‍ത്തുന്ന സുതാര്യമായ സമീപനവും, ജന പ്രീതിയും, നേതൃത്വ പാടവവും, ആത്മാര്‍ത്ഥമായ സേവന സന്നദ്ധതയും കൂടാതെ പാര്‍ട്ടിയെ ജനങ്ങളുമായി അടുപ്പിയ്ക്കുന്ന ഒരു വ്യക്തിയെന്ന നിലയിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് ടോമിനുള്ളത്. സാമൂഹ്യ പ്രതിബദ്ധതയും അര്‍പ്പണമനോഭാവവും ടോമിനെ ജനകീയനാക്കുന്നു.

കഴിഞ്ഞ രണ്ടു തവണയും(2011, 2015) ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്നും പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടിയാണ് കൗണ്‍സിലറായി ടോം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ വോട്ടിംഗ് നില പൊതുവേ കുറഞ്ഞിരുന്നെങ്കിലും ടോമിന്റെ ജനകീയതയ്ക്ക് കോട്ടം തട്ടിയില്ല.

സൗത്ത് വെസ്‌ററ് ഇംഗ്‌ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്റ് സമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ (സൂക്ഷ്മപരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്.ബ്രിസ്‌റേറാള്‍ നഗരത്തിലെ പൊതു പ്‌ളാറ്റ്‌ഫോമായ ബ്രിസ്‌റേറാള്‍ ഫോറത്തിന്റെ (മള്‍ട്ടി ഫെയിത്ത് ഫോറം) ചെയര്‍മാനുമാണ് ആദിത്യ. 98% വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്‌ളോസ്‌ററര്‍ഷയര്‍ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ് ടോം ആദിത്യ. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഹ്യൂമന്‍ റൈറ്റ് കാമ്പേയ്‌നര്‍ എന്നീ നിലകളിലുള്ള ടോമിന്റെ മികച്ച പ്രവര്‍ത്തനം ഇത്തവണയും തന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ ഘടകങ്ങളായി.

റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും, ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

ബിരുദം നേടിയ ശേഷം നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്‌റിറ്റിയൂട്ടില്‍ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് ടോം യുകെയിലെത്തുന്നത്. ലിനിയാണ് ടോമിന്റെ ഭാര്യ. മക്കള്‍: അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ,അല്‍ഫോന്‍സ്.