മിഷൻ ഇംപോസിബിൾ 6 ന്റെ ചിത്രീകരണത്തിനിടെ നടൻ ടോം ക്രൂയിസിന് പരുക്കേറ്റു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് 55 കാരനായ ടോം ക്രൂയിസിന്റെ കാലിനു പരുക്കേറ്റത്. ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നും മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്കുളള ചാട്ടമാണ് നടന് പിഴച്ചത്. താരത്തെ ഉടൻതന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി.

2018 ജൂലൈയിലാണ് മിഷൻ ഇംപോസിബിൾ ആറാം ഭാഗം പ്രദർശനത്തിനെത്തുക. ത്രീഡിയിലാണ് ചിത്രം എത്തുന്നത്. മിഷൻ ഇംപോസിബിൾ പരമ്പരയിൽ ത്രീഡിയിലെത്തുന്ന ആദ്യചിത്രമാണിത്. ചിത്രത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2015 ലാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങിയത്. ക്രിസ്റ്റഫര്‍ മാക്യൂറിയായിരുന്നു സംവിധായകന്‍. ആക്ഷന്‍രംഗങ്ങളും സാഹസിക പ്രകടനങ്ങളുമായിരുന്നു ചിത്രത്തിലെ പ്രധാന ആകര്‍ഷണം.