അപ്പച്ചൻ കണ്ണഞ്ചിറ

ഗ്ലാസ്‌ഗോ: ജപ്പാനിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിക്കൊണ്ട് യു കെ ക്കും, ഒപ്പം മലയാളികൾക്കും വീണ്ടും അഭിമാനം പകരുന്ന വിജയവുമായി ടോം ജേക്കബ്. ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിലാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം നിലനിറുത്തിയത്.

മാർഷ്യൽ ആർട്സിൽ ഏറ്റവും ഉയർന്ന റാങ്കിങ് ആയ, എട്ടാം ഡാൻ നേടിയ ടോം, കരാട്ടെ ഗ്രാൻഡ് മാസ്റ്റർ റാങ്കുള്ള വ്യക്തിയാണ്. കരാട്ടേയിലെ പരിചയം, ജ്ഞാനം, കഴിവ്, സാങ്കേതികത്വം, സ്വഭാവം, അച്ചടക്കം, പെരുമാറ്റം അടക്കം വ്യക്തിഗത മാനദണ്ഡങ്ങൾ കണക്കിൽ എടുത്താണ് 8 ഡാൻ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിനു യോഗ്യതയും, തുടർന്നുള്ള ടെസ്റ്റിന് ശേഷമാണ് റാങ്കിങ്ങും പരിഗണിക്കുന്നത്.

കരാട്ടെ ആയോധന കലയിലെ ഏറ്റവും ഉയർന്ന ‘ഹാൻഷി’ സീനിയർ മാസ്റ്റർ തിലകം (മോഡൽ മാസ്റ്റർ ഓഫ് മാസ്റ്റേഴ്സ്) കരസ്ഥമാക്കിക്കൊണ്ടാണ് ടോം ജപ്പാനിൽ നിന്നും, ഗ്ളാസ്ഗോയിലേക്കു മടങ്ങുന്നത്. ഷോട്ടോകാൻ കരാട്ടെ ആഗോള ചെയർമാനായ ഗ്രാൻഡ് മാസ്റ്റർ കെൻജി നുമ്രയുടെ ( 10th ഡാൻ റഡ്ബെൽറ്റ്) കൈകളിൽ നിന്നും ഈ അംഗീകാരം ഏറ്റുവാങ്ങുവാൻ കഴിഞ്ഞത് വലിയ സ്വപ്ന സാക്ഷാൽക്കരമായി എന്ന് ടോം അഭിമാനപൂർവ്വം പറഞ്ഞു. ‘ഹാൻഷി’ അംഗീകാരം നേടിയ ടോമിന്, കരാട്ടെയിലെ ഏറ്റവും ഉയർന്ന റാങ്കായ റെഡ് ബെൽറ്റ് ധരിച്ചു കൊണ്ട് പരിശീലനം നൽകുവാനും കഴിയും.

അടിപതറാത്ത ചുവടുമായി ആയോധനകലയിൽ അജയ്യനായി തുടരുന്ന ‘ഹാൻഷി’ ടോം, കുട്ടനാട്ടിലെ, കിഴക്കിന്റെ വെനീസെന്ന് ഖ്യാതി നേടിയ ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് സ്വദേശിയാണ്. പുരാതനവും പ്രശസ്തവുമായ കാഞ്ഞിക്കൽ (പായിക്കളത്തിലെ കുടുംബാംഗമാണ് ഈ കരാട്ടെ ആയോധന കലയിലെ ലോക ചാമ്പ്യൻ. ഒമ്പതാം വയസ്സിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയ ടോം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം 20 വർഷങ്ങൾക്ക് മുമ്പാണ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തുന്നത്. മാർക്കറ്റിങ്ങിൽ എംബിഎ പോസ്റ്റഗ്രാജുവേഷൻ പഠനത്തിന്നയെത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു.

കഴിഞ്ഞ 40 വർഷമായി ആയോധന കലയിൽ ലോകോത്തര നിലവാരം പുലർത്തുന്ന പരിശീലകരുടെ കിഴിൽ പരിശീലനം തുടരുന്ന ടോം, ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, കരാട്ടേ, എംഎംഎ (മിക്സഡ് മാർഷ്യൽ ആർട്സ് ), കിക്ക്‌ ബോക്സിങ്, മുവായ് തായ്, യോഗ, റെസ്ലിങ്, കളരിപ്പയറ്റ് എന്നീ ആയോധന കലകൾ പരിശീലിപ്പിക്കുന്നുമുണ്ട്. അതുകൂടാതെ ‘ഹാൻഷി’ ടോം, യു കെ ബോക്സിങ് കോച്ച്, വ്യക്തിഗത പരിശീലകൻ എന്ന നിലകളിലും പ്രവർത്തിക്കുന്ന ടോം, യു കെ യിൽ കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്.

അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്‌ട ഇനമായ കരാട്ടെയിൽ വിജയക്കൊടി വീണ്ടും പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ അഭിമാനമുണ്ടെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്, മികച്ച അനുഭവമായിരുന്നു എന്നും ടോം പറഞ്ഞു. ജപ്പാൻ സന്ദർശനങ്ങൾ ഏറെ ആസ്വദിക്കുവെന്നും, രാജ്യം വളരെ മനോഹരമാണെന്നും അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയ ദാർഢ്യം ഉള്ളവരാണെന്നും ആണ് ഈ ലോക ചാമ്പ്യന്റെ ഭാഷ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെലിഗ്രാഫ് അടക്കം ഇംഗ്ലീഷ് മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ തന്നെ വാർത്ത പബ്ലിഷ് ചെയ്തിട്ടുണ്ട്. കൂടാതെ ടിവി ഇന്റർവ്യൂവിനും ടോമിന് ക്ഷണം വന്നിട്ടുണ്ട്.

ഗ്ലാസ്‌ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും (എൻഎച്ചസ് കമ്മ്യൂണിറ്റി നേഴ്സ്), അവരുടെ 16 വയസ്സുള്ള മകൻ ലിയോണിനുമൊപ്പം (സ്കോട്ലൻഡ് ബോക്സിംഗ് ചാമ്പ്യൻ) കുടുംബ സമേതം താമസിക്കുന്ന ടോം, തൻ്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു.

ജപ്പാനിലെ ഒകിനാവ കരാട്ടെ ഇൻ്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം 2019-ൽ ആയോധനകലയിൽ യുകെ യുടെ അംബാസഡറും, ഇൻ്റർനാഷണൽ ഷോറിൻ-റ്യൂ റൈഹോക്കൻ അസോസിയേഷൻ്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളുടെയും പുരസ്‌കാരങ്ങളുടെയും നിറവിൽ യു കെ യിൽ പ്രശസ്തനുമാണ് ടോം ജേക്കബ്. അർപ്പണ മനോഭാവത്തോടെ പരിശീലനം തുടർന്നു പോരുന്ന ടോം ജേക്കബ്, ആഗോളതലത്തിൽ കരാട്ടെയിൽ അജയ്യനായി തുടരാനുള്ള ദൃഢ നിശ്ചയത്തിലാണ്.