വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിന്റെ അഭിമാന താരം ടോം ജോസഫ്. ഏതാനും വര്‍ഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീര്‍പ്പിക്കലും മാത്രമാണെന്ന് പറഞ്ഞ ടോം ഫെബ്രുവരിയില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട കണക്കുകളില്‍ സുതാര്യതയില്ലെന്ന ആരോപണത്തെ ശരിവെക്കുന്ന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അസോസിയേഷന്‍ തലപ്പത്ത് അഴിമതിക്കാരും രാഷ്ട്രീയസ്വാധീനത്തില്‍ കയറിക്കൂടിയ കള്ളന്മാരുമാണെന്നാണ് താരം ആരോപിച്ചിരിക്കുന്നത്. വോളിബോള്‍ അസോസിയേഷനിലടക്കം നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിങ്ങള്‍ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോയെന്ന് കായിക മന്ത്രിയോടും കായിക കേരളത്തോടും ചോദിക്കുന്ന രീതിയിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫണ്ടില്‍ കയ്യിട്ടു വാരാത്ത പണക്കൊതിയന്മാരായ നല്ല സംഘാടകര്‍ പണ്ട് ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഉള്ളവരെല്ലാം അഴിമതി നടത്തുന്നവരാണെന്നും ടോം ആരോപിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കായിക കേരളത്തോട്.
കായിക ഭരണകർത്താക്കളോട് .
കായിക മന്ത്രിയോട്.
ഒരേയൊരു ചോദ്യം.
നിങ്ങളെന്താണിങ്ങനെ.
അന്ധരായതുകൊണ്ടോ
അന്ധത നടിക്കുന്നതുകൊണ്ടോ …
കളിയാണ് എന്നെ ഞാനാക്കിയത്.
കളിയാണ് എനിക്ക് ജീവിതവും ജോലിയും തന്നത്.
ഉള്ളതു തുറന്നുപറഞ്ഞതുകൊണ്ടാണ് ഞാൻ അനഭിമതനായത്. പറയാനുള്ളത് ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും.
ഒരിക്കൽ, ഇന്നും.
വോളിമ്പോൾ കായിക കേരളത്തിന്റെ സ്പന്ദനമാണ്.
പപ്പനും, ജിമ്മി ജോർജും, ഉദയകുമാറും,സിറിൾ സി.വള്ളൂരും ഏലമ്മയും, സലോമി രാമുവും, കപിൽദേവുമെല്ലാം ഒരോ വോളി പ്രേമിക്കും സമ്മാനിച്ചത് ഓർമയുടെ ഇടിമുഴക്കങ്ങളാണ്. ആ പ്രതാപകാലം ഉള്ളതുകൊണ്ടു കൂടിയാണ് ഇന്നും ഓരോ വോളി മൈതാനവും കളിയാരവങ്ങളാൽ നിറയുന്നത്.
ആലുവ ടോർപിഡോയും, പാസ് കുറ്റ്യാടിയും, വടകര ജിംഖാനയുമൊക്കെ വോളി പ്രേമികൾ നെഞ്ചേറ്റിയത് കളിമികവുകൊണ്ടും സംഘാടന മികവും കൊണ്ടാണ്.
വോളി അസോസിയേഷന് നല്ലസംഘാടകരുണ്ടായിരുന്നു.
പണകൊതിയൻമാരല്ലാത്ത, ഫണ്ടിൽ കയ്യിട്ടുവാരാത്ത നേതൃത്വവുമുണ്ടായിരുന്നു.
കളിക്കാരുടെ ഉന്നമനത്തിനും വോളിയുടെ വളർച്ചക്കും അവർ നിലകൊണ്ടിരുന്നു.
ഇന്നല്ല.
ഒരു പാട് മുൻപ്.
രാഷ്ട്രീയ നേതൃത്വത്തിന്റെ ബന്ധവും അടുപ്പവും വച്ച്
വോളി അസോസിയേഷന്റെ തലപ്പത്ത് അഴിമതിക്കാരും, കള്ളൻമാരും വരുന്നതിന് മുൻപുള്ള കാലമാണത്.
കളിയെ, കായികത്തെ വീണ്ടെടുക്കേണ്ട കായീക ഭരണാധികാരികൾ എന്തേ ഇതൊന്നും കാണാതെ പോകുന്നത്.
ഏതാനും വർഷങ്ങളായി വോളി അസോസിയേഷനിലുള്ളത് അഴിമതിയും, കീശവീർപ്പിക്കലും മാത്രമാണ്.
നിങ്ങൾ കണ്ടില്ലേ കോഴിക്കോട് നടന്ന ദേശീയ വോളി ചാമ്പ്യൻഷിപ്പിന്റെ കണക്കവതരണം.
അഴിമതി റിപ്പോർട്ടുകൾ.
ആർക്കുവേണ്ടിയായിരുന്നു അത്.
എന്നിട്ടും എന്തെ നടപടി എടുക്കേണ്ടവർ മുഖം തിരിക്കുന്നത്.
അഴിമതിക്കാരെ സംരക്ഷിക്കാനാണെങ്കിൽ,താരങ്ങളെ ചൂഷണം ചെയ്യുന്നവരെ പിന്തുണക്കാനാണെങ്കിൽ.
കീശ വീർപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണെങ്കിൽ.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു വകുപ്പ്.
എന്തിനാണ് സർ നമുക്കിങ്ങനെയൊരു സ്പോട്സ് കൗൺസിൽ.
എന്തിനാണ് സർ
കായികതാരങ്ങളെ,
വോളി കളിക്കാരെ,
കായിക കേരളത്തെ തന്നെ ഇങ്ങനെ പറ്റിക്കുന്നത്….
Leave a Reply