ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ലേബർ പാർട്ടി എംപി. മുൻ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റ് എംപി ആയിരുന്ന ടോം വാട്സൺ, തന്റെ രാജിക്ക് പിന്നിൽ പാർട്ടിയ്ക്കുള്ളിലെ ക്രൂരതയും വൈരാഗ്യവും ആണെന്ന് വെളിപ്പെടുത്തി. ഇത് ഇന്നും ഉണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.ഡിസംബർ 12 ന് ലേബർ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ഗാർഡിയൻസ് വീക്കെൻഡ് മാസികയോട് സംസാരിച്ച വാട്സൺ, പാർട്ടിക്കുള്ളിലെ ക്രൂരതയും ശത്രുതയും യഥാർത്ഥമാണെന്ന് തുറന്നുപറഞ്ഞു. സ്വന്തം പാർട്ടിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി നേരിടേണ്ടതായി വന്നു എന്നും അദ്ദേഹം പറഞ്ഞു.
“മാറി ചിന്തിക്കാൻ സമയമായി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനും. ” വാട്സൺ പറഞ്ഞു. 51കാരനായ ടോം ഇപ്പോൾ ജിം ഇൻസ്ട്രക്ടർ ആയി പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ജെർമി കോർബിനെ വ്യക്തിപരമായി പുകഴ്ത്തി സംസാരിച്ച വാട്സൺ അദ്ദേഹത്തിന്റെ നേതൃത്വത്തെ വിമർശിച്ചുവെന്ന് ഗാർഡിയൻ പറയുന്നു. പാർട്ടിയുടെ 2016 ലെ തിരഞ്ഞെടുപ്പ് വേളയിൽ കോർബിന്റെ എതിരാളി ഓവൻ സ്മിത്തിന് താൻ വോട്ടുചെയ്തതായും ടോം സമ്മതിച്ചു. അന്ന് പലരും രാജിവെക്കുകയും ഒരു അവിശ്വാസ പ്രമേയത്തിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തു. കോർബിൻ അന്ന് രാജിവെക്കേണ്ടതായിരുന്നു എന്ന് വാട്സൺ പറഞ്ഞു.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പുതിയ നേതൃത്വ മൽസരത്തിന് ഒരുങ്ങുകയാണ്. 80 സീറ്റുകളുടെ വൻ ഭൂരിപക്ഷം ആണ് ടോറി പാർട്ടി നേടിയത്. വാട്സന്റെ മുൻ നിയോജകമണ്ഡലമായ വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റിൽ ആദ്യമായി 1593 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കൺസേർവേറ്റിവുകൾ അധികാരത്തിലെത്തിയിരുന്നു.
Leave a Reply