ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ മൊബൈൽ സേവന ദാതാക്കളായ വോഡഫോണും ത്രീയും ലയിക്കുന്നതിന് ധാരണയായി . രണ്ടു കമ്പനികളും തമ്മിൽ ലയിച്ചതിനുശേഷമുള്ള പുതിയ കമ്പനി യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി മാറുമെന്നാണ് റിപ്പോർട്ടുകൾ . കമ്പനികൾ യുകെയിലെ പ്രവർത്തനങ്ങളെയാണ് ഏകോപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.


ലയന ശേഷം രണ്ടു കമ്പനികൾക്കു കൂടി 27 ദശലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ലയനത്തിന് ഇതുവരെ റെഗുലേറ്റർമാർ അംഗീകാരം നൽകിയിട്ടില്ല. ലയനം മാർക്കറ്റിൽ എങ്ങനെ പ്രതിഫലിക്കും എന്നത് പഠിച്ചിട്ടായിരിക്കും അന്തിമാനുമതി നൽകുക. കസ്റ്റമേഴ്സിന് അധികഭാരം ഉണ്ടാകുമോ എന്നതും പരിഗണിക്കപ്പെടും.


നിലവിൽ 24 ദേശലക്ഷം മൊബൈൽ ഉപഭോക്താക്കളായി വിർജിൻ മീഡിയ O2 ആണ് മൊബൈൽ ദാതാക്കളിൽ ഏറ്റവും മുന്നിൽ. ബി. റ്റി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള EE 20 ദശലക്ഷം ഉപഭോക്താക്കളുമായി രണ്ടാം സ്ഥാനത്താണ് . വോഡഫോണും ത്രീയും തമ്മിലുള്ള ലയനം ഇവരുടെയെല്ലാം വിപണി വിഹിതത്തെ മറികടക്കും. ലയന ശേഷം 5 G സാങ്കേതികവിദ്യയിൽ 11 മില്യൺ പൗണ്ട് 10 വർഷത്തിനുള്ളിൽ യുകെയിൽ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കുന്നത്. ലയനം രണ്ടു കമ്പനികളിലും ജോലി ചെയ്യുന്ന ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടം ഉണ്ടാക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . ലയനം നടന്നാൽ ജനങ്ങളുടെ മൊബൈൽ ബിൽ കുതിച്ച് ഉയരുമെന്നും വോഡഫോണിലും ത്രീയിലും ജോലി ചെയ്യുന്ന ഒട്ടേറെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നും യുണൈറ്റഡ് യൂണിയൻ ആരോപിച്ചു