ലണ്ടന്‍: 2003ലെ ഇറാഖ് യുദ്ധത്തില്‍ യുകെ അനാവശ്യമായാണ് ഇടപെട്ടത് എന്ന ചില്‍ക്കോട്ട് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ വിചാരണ ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ആവശ്യം. ബ്ലെയറിനെ യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നാണ് മൈക്കിള്‍ മാന്‍സ്ഫീല്‍ഡ് ആവശ്യപ്പെട്ടത്. മുന്‍ ഇറാഖി ജനറല്‍ അബ്ദുള്‍വഹീദ് റബ്ബാത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്ലെയറിനെയും മുന്‍ ഫോറിന്‍ സെക്രട്ടറി ജാക്ക് സ്‌ട്രോ, മുന്‍ അറ്റോര്‍ണി ജനറല്‍ ലോര്‍ഡ് ഗോള്‍ഡ്‌സ്മിത്ത് എന്നിവരെ പ്രതികളാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

ചില്‍ക്കോട്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. യുകെയ്ക്ക് സദ്ദാം ഹുസൈന്‍ ഒരു ഭീഷണിയായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. ഒരു വ്യക്തതയുമില്ലാതെയാണ് ഇറാഖ് മാരകമായ ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നത്. അതനുസരിച്ച് യുദ്ധം അനാവശ്യമായിരുന്നെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധികാരങ്ങള്‍ മറികടന്നാണ് യുകെ പ്രവര്‍ത്തിച്ചതെന്നും ചില്‍കോട്ട് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

യുദ്ധം അനീതിയായിരുന്നെന്ന് മാന്‍സ്ഫീല്‍ഡ് വ്യക്തമാക്കി. ബ്ലെയറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തേ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ബ്രിട്ടീഷ് നിയമനുസരിച്ച് ബ്ലെയറിനെ വിചാരണ ചെയ്യാനാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.