സെന്‍ട്രല്‍ ലണ്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 18കാരി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോടതി. സഫാ ബൗലാര്‍ എന്ന പെണ്‍കുട്ടിക്കു മേലാണ് കുറ്റം ചുമത്തിയത്. മൂത്ത സഹോദരിയും അമ്മയുമൊത്ത് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതായാണ് വ്യക്തമായിരിക്കുന്നത്. സ്ത്രീകള്‍ മാത്രമടങ്ങുന്ന ബ്രിട്ടനിലെ ആദ്യ ഭീകരാക്രമണ ശ്രമമായാണ് ഇത് അറിയപ്പെടുന്നത്. സിറിയയിലെത്തി ഒരു ഐസിസ് തീവ്രവാദിയെ വിവാഹം കഴിക്കാനായിരുന്നു സഫാ ശ്രമിച്ചത്. ഈ ശ്രമം പോലീസ് തകര്‍ത്തതോടെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ചാവേര്‍ ബോംബാക്രമണവും വെടിവെപ്പും നടത്താന്‍ സഫാ പദ്ധതിയിടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സഫ പിടിയിലാകുന്നത്. ഇതിനു ശേഷം ഇവരുടെ മൂത്ത സഹോദരി റിസ്ലെയിന്‍, അമ്മ മിന ഡിച്ച് എന്നിവര്‍ക്കെതിരെയും ഭീകരാക്രമണത്തിന് പദ്ധതിയിട്ട കുറ്റം ചുമത്തിയിരുന്നു. 2016ല്‍ തന്നെ സഫ തീവ്രവാദാശയങ്ങളില്‍ ആകൃഷ്ടയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. ചാവേര്‍ ബോംബ് ബെല്‍റ്റുമായി നില്‍ക്കുന്ന കുട്ടിയുടെയും സ്ത്രീയുടെയും ചിത്രങ്ങളും തലയറുക്കുന്ന ചിത്രങ്ങളും ഇവര്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. 2016ല്‍ മൊറോക്കോയില്‍ ഹോളിഡേയ്ക്ക് ശേഷം തിരികെ വന്നപ്പോള്‍ രക്തസാക്ഷിയാകാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശത്തിന് സഫയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

300 മുതല്‍ 400 വരെ ഐസിസ് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ തനിക്കുണ്ടെന്ന് സഫ പോലീസിനോട് സമ്മതിച്ചു. നവീദ് ഹുസൈന്‍ എന്ന ഐസിസ് തീവ്രവാദിയുമായി സഫ ബന്ധം സ്ഥാപിച്ചിരുന്നു. കവന്‍ട്രിയില്‍ നിന്ന് സിറിയയിലെത്തിയ ഇയാളെ വിവാഹം കഴിക്കാന്‍ അവിടേക്ക് പോകാും സഫ ശ്രമം നടത്തി. ഇവര്‍ തമ്മില്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്തതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കപ്പെട്ടു.