ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് :- വ്യക്തികളുടെ പതിവായുള്ള ഡെന്റൽ ചെക്കപ്പുകൾ നടത്തുവാൻ സാധിക്കുന്ന തരത്തിൽ വെയിൽസിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ഡെന്റിസ്റ്റ് അസോസിയേഷൻ. മറ്റ് പല മേഖലകളിലും വെയിൽസിൽ ഇളവുകൾ അനുവദിച്ചിട്ടുള്ളതിനാൽ, ഇക്കാര്യത്തിലും വേണമെന്ന ആവശ്യമാണ് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ വെൽഷ് ജനറൽ ഡെന്റൽ പ്രാക്ടീസ് കമ്മിറ്റി ചെയർമാൻ റസ്സൽ ഗിഡ്‌നി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ നാളുകൾ ഡെന്റൽ ചെക്കപ്പുകൾ നടത്താതിരിക്കുന്നത് പല്ലുകളും മോണകളും നശിക്കുന്നതിനും, ക്യാൻസർ വരെ ഉണ്ടാകുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 2020 ൽ ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം എമർജൻസി കേസുകളിൽ മാത്രമാണ് ഡെന്റൽ ഡോക്ടർമാർ രോഗികളെ ചികിത്സിച്ചിരുന്നത്. സ്ഥിരമായുള്ള ഡെന്റൽ ചെക്കപ്പുകൾ മറ്റും നടത്തുന്നതിന് ജനങ്ങൾക്ക് സാധിക്കുന്നില്ല. ഇതിനുപകരമായി വീഡിയോ കോളുകളിലൂടെയും മറ്റുമാണ് ഡോക്ടർമാർ തങ്ങളുടെ രോഗികളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. എന്നാൽ കൂടുതൽ കാലത്തേയ്ക്ക് ഇത് നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ല എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഈ 18 മാസങ്ങൾ കൊണ്ടു തന്നെ ഏകദേശം 350000 ത്തോളം രോഗികൾ തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി ഫോൺകോളുകളിലൂടെ ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പകർച്ചവ്യാധി കാലത്ത് ട്രീറ്റ് മെന്റ് സെഷനുകൾ 97 ശതമാനമായി കുറഞ്ഞതായി എൻഎച്ച്എസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ 1.1 മില്യൺ ഡെന്റൽ അപ്പോയ്ന്റ്മെന്റുകൾ ഉണ്ടായിരുന്നെങ്കിൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇത് 22713 ആയി ചുരുങ്ങിയത് ആശങ്കകൾക്ക് വക നൽകുന്നതാണ് എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന ഇളവുകളിൽ, കുറെയൊക്കെ സാധാരണ ചെക്കപ്പുകൾ നടത്തുവാൻ സാധിക്കുന്നുണ്ടെങ്കിലും, കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമാണ് മുന്നോട്ടുവന്നിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇപ്പോൾ ഡെന്റൽ ആശുപത്രികൾ പ്രവർത്തിക്കുന്നത്. രണ്ടു പേഷ്യന്റുകൾക്കിടയിൽ ഉപകരണങ്ങളും മറ്റും സാനിറ്റൈയ്‌സ് ചെയ്യാൻ ആവശ്യമായ സമയം ഉറപ്പാക്കണമെന്നും നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നുണ്ട്.


ഇത്തരത്തിൽ സമയങ്ങൾ എടുക്കുന്നതു മൂലം വളരെ കുറച്ച് ആളുകളെ മാത്രമേ തങ്ങൾക്ക് കാണാൻ സാധിക്കുന്നുള്ളൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി. എമർജൻസി പേഷ്യന്റുകളെ കാര്യമായി പരിഗണിക്കുന്നുണ്ടെങ്കിലും, പലപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉള്ളവർ അവഗണിക്കപ്പെടുകയാണ്. പലപ്പോഴും ഇത്തരത്തിൽ പ്രശ്നങ്ങൾ അവഗണിക്കുന്നത് കൂടുതൽ സാരമായ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. അതിനാൽ തന്നെ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.