ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രൂക്ഷമായ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ രണ്ടാം ഹിതപരിശോധനയുടെ സാധ്യത തേടി ടോറി, ലേബര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബ്രെക്‌സിറ്റിന്റെ ഭാവിയുമായി ബന്ധപ്പെട്ട് നടന്ന ക്രോസ് പാര്‍ട്ടി ചര്‍ച്ചയിലായിരുന്നു നിര്‍ണായക നീക്കം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തത്. വിഷയത്തില്‍ അന്തിമ തീരൂമാനം ഉണ്ടായിട്ടില്ല. രണ്ടാം ജനഹിതം തീരുമാനിക്കേണ്ടത് എം.പിമാരുടെ അഭിപ്രായങ്ങള്‍ തേടിയശേഷമായിരിക്കണമെന്നും ആവശ്യമെങ്കില്‍ ഇക്കാര്യം വോട്ടിനിടേണ്ടതുണ്ടെന്നും ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയ്ര്‍ സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു. ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാം ജനഹിതം അറിയണമെന്ന് ആവശ്യപ്പെട്ട ലേബര്‍ നേതാവ് ജെറമി കോര്‍ബനെ രാഷട്രീയപരമായി തെരേസ മേ ആക്രമിക്കുകയാണ് ഉണ്ടായത്. തെരേസ മേയുടെ കൈവശ്യം വിശ്വാസ്യതയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയ്ര്‍ സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. രണ്ടാം ജനഹിതത്തോട് ആദ്യഘട്ടം മുതല്‍ ലേബര്‍ പാര്‍ട്ടി അനുകൂലമായിട്ടാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദം ലേബറിന്റെ ആവശ്യകതയെ നിരാകരിക്കാന്‍ മേ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതായിട്ടാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

തെരേസാ മെയ് കൊണ്ടുവന്ന കരാര്‍ മൂന്നാമതും തള്ളിയ നിലയ്ക്ക്, ബദല്‍ മാര്‍ഗം കണ്ടെത്താന്‍ ഏപ്രില്‍ 12 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നടപടികള്‍ തുടങ്ങിവയ്ക്കാനുള്ള സമയപരിധി വീണ്ടും നീട്ടുന്നതാണു കരാറൊന്നുമില്ലാതെ ഇ.യു വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള മാര്‍ഗം. ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, എംപിമാരുമായി ചര്‍ച്ച തുടരുമെന്നാണു മേ പറയുന്നത്. പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 10ന് അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌ക് അറിയിച്ചിരുന്നു. പുതിയ സാഹചര്യങ്ങളില്‍ രണ്ടാമതും ജനഹിത പരിശോധന നടത്തിയാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നും ഒരു കൂട്ടര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരൂമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രി തന്നെയായിരിക്കും.