ലണ്ടന്‍: ലേബര്‍ നേതാവ് ജെറമി കോര്‍ബിനെതിരെ ഫേസ്ബുക്കില്‍ നെഗറ്റീവ് ക്യാംപെയിന്‍ നടത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 1 മില്യന്‍ പൗണ്ടിലേറെ ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ട്. വിവിധ വിഷയങ്ങളില്‍ കോര്‍ബിന്‍ മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോയും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചായിരുന്നു കണ്‍സര്‍വേറ്റീവ് ഈ തന്ത്രം നടപ്പാക്കിയത്. കടം, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍, ഐആര്‍എ എന്നീ വിഷയങ്ങളില്‍ ലേബര്‍ നേതാവ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ടോറി അനുകൂല അക്കൗണ്ടുകളില്‍ നിന്നായിരുന്നു.
എന്നാല്‍ ഇതിനു വിപരീതമായി വികസന അജണ്ടകള്‍ ഉള്‍പ്പെടുത്തിയുള്ള ലേബര്‍ പ്രചാരണം തെരഞ്ഞെടുപ്പില്‍ അവക്ക് നേട്ടം സമ്മാനിക്കുകയും ചെയ്തു. കണ്‍സര്‍വേറ്റീവുകളേക്കാള്‍ ഇപ്പോളും സീറ്റ് നിലയില്‍ താഴെയാണെങ്കിലും മുമ്പുണ്ടായിരുന്ന ദയനീയാവസ്ഥയില്‍ നിന്ന് കരകയറാന്‍ ഈ തന്ത്രത്തിലൂടെ സാധിച്ചു. പ്രധാനമന്ത്രി പദത്തിന് തൊട്ടരികില്‍ വരെ കോര്‍ബിന് എത്താന്‍ സാധിച്ചത് തങ്ങളെ അനുകൂലിക്കുന്ന വലിയൊരു വിഭാഗത്തെ മുന്നില്‍കണ്ടുകൊണ്ടുള്ള ആ പ്രവര്‍ത്തന ശൈലിയാണെന്ന് വിലയിരുത്തപ്പെടുന്നു.
വളരെ നേരത്തേ തന്നെ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിക്കാന്‍ ലേബറിന് കഴിഞ്ഞു. വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവാക്കളെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഈ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മുമ്പ് 6,22,000 പുതിയ വോട്ടര്‍മാര്‍ ഇലക്ടറല്‍ റോളില്‍ എത്തിയെന്നത് ഈ പരിശ്രമത്തിന്റെ ഫലമാണ്. ഇത് റെക്കോര്‍ഡാണ്. ഇവരില്‍ വലിയൊരു ഭൂരിപക്ഷവും ലേബര്‍ പാര്‍ട്ടിയാലും നേതാവ് കോര്‍ബിനാലും പ്രചോദിതരായാണ് എത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Leave a Reply