ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ വരുത്തുവാൻ ഡ്രൈവർ & വെഹിക്കിൾ ലൈസൻസിങ് ഏജൻസി (ഡി വി എൽ എ ) തീരുമാനിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കാർഡുകൾക്ക് പകരം പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ ആയിരിക്കും ഇനിമുതൽ ലൈസൻസുകൾ ലഭ്യമാവുക. ഡിജിറ്റൽ സംവിധാനത്തോടൊപ്പം തന്നെ പ്ലാസ്റ്റിക് കാർഡുകളും നൽകുമെങ്കിലും, കുറച്ചു കഴിയുമ്പോൾ പ്ലാസ്റ്റിക് കാർഡുകൾ പൂർണമായും നിർത്തുവാൻ ആകുമെന്നും ഏജൻസി അറിയിച്ചു. യൂറോപ്യൻ യൂണിയനിൽ നിലനിന്നിരുന്ന നിയമം മൂലമാണ് ഇതുവരെയും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാൻ സാധിക്കാതിരുന്നത് എന്ന് ഡിപ്പാർട്ട്മെന്റ് ഫോർ ട്രാൻസ്പോർട്ട് വക്താവ് അറിയിച്ചു. യുകെയിലെ ഗതാഗത സംവിധാനം ആധുനികതയിലേക്ക് നടന്നടുക്കുകയാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി.


2024 ഓടെ മാത്രമേ പുതിയ പ്രൊഫഷണൽ ലൈസൻസുകൾ ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാകുകയുള്ളൂ. എന്നാൽ അടുത്ത വർഷം മുതൽ ഇതിന്റെ ട്രയൽ സംവിധാനം ആരംഭിക്കുമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസുകളോടൊപ്പം തന്നെ വാഹന ടെസ്റ്റുകൾക്കായുള്ള ബുക്കിംഗ് സംവിധാനവും, സർട്ടിഫിക്കറ്റുമെല്ലാം ഡിജിറ്റിലൈസ് ചെയ്യാനുള്ള നീക്കമാണ് ട്രാൻസ്പോർട്ട് വകുപ്പിലെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കൂടുതൽ കാര്യക്ഷമതയോടെ കാര്യങ്ങൾ നടക്കുന്നതിന് പുതിയ സംവിധാനം സഹായകരമാകുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി അഭിപ്രായപ്പെട്ടു. പേപ്പർ ആപ്ലിക്കേഷനുകൾ ആറു മുതൽ എട്ട് ആഴ്ച വരെ താമസിച്ചാണ് പ്രോസസിംഗ് നടക്കുന്നത്. എന്നാൽ ഡിജിറ്റൽ സംവിധാനം ഇത്തരത്തിലുള്ള കാലതാമസങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.