ലണ്ടന്‍: സ്വയം തൊഴില്‍ സംരംഭകരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം വര്‍ദ്ധിപ്പിച്ച നടപടി ടോറികളുടെ ആഭ്യന്തര സംഘര്‍ഷം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. 145 മില്യന്‍ പൗണ്ടിന്റെ നികുതി വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതി ഇതോടെ കോമണ്‍സ് ചര്‍ച്ചയില്‍ പരാജയപ്പെടുമോ എന്ന ഭീതിയിലാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പു വാദ്ഗാനം ലംഘിച്ചാണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ ബജറ്റില്‍ ഫിലിപ്പ് ഹാമണ്ട് നിര്‍ദേശിച്ചത്. എന്നാല്‍ ഈ വിധത്തില്‍ ബജറ്റിനെ താറുമാറാക്കിയതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ മാത്രമേ എംപിമാര്‍ക്ക് ആശയക്കുഴപ്പമുള്ളൂ എന്നാണ് വിവരം.
പ്രതിവര്‍ഷം 16,250 പൗണ്ടിനു മേല്‍ വരുമാനമുള്ള സ്വയം തൊഴില്‍ സംരംഭകര്‍ക്കാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതത്തില്‍ വര്‍ദ്ധന വരുത്തിയത്. ഈ നീക്കത്തെ എതിര്‍ക്കുമെന്ന് 18 കണ്‍സര്‍വേറ്റീവ് എംപിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കോമണ്‍സ് വോട്ടെടുപ്പില്‍ ഈ നിര്‍ദേശം പരാജയപ്പെടും. ബജറ്റിനു മുമ്പ് ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ ഹാമണ്ട് ഹ്രസ്വമായി വിശദീകരണം നല്‍കിയെങ്കിലും നികുതി വര്‍ദ്ധനയെക്കുറിച്ച് പറഞ്ഞിരുന്നില്ല.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായ ഈ നീക്കം മൂലം പല അഭിമുഖങ്ങളിലും മന്ത്രിമാര്‍ക്ക് ഉത്തരം മുട്ടുകയും ചെയ്തിരുന്നു. 2.5 മില്യന്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഈ വര്‍ദ്ധിച്ച ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ടിവരും. ഇത് വര്‍ഷം ശരാശരി 240 പൗണ്ട് വരുമെന്നാണ് ട്രഷറി കണക്കാക്കുന്നത്.