അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി മുന്നോട്ട് കുതിക്കുന്നതിൻെറ ആശങ്കയിലാണ് യുകെയിലെ ആരോഗ്യമേഖല. പല ആശുപത്രികളിലും നല്ലൊരു ശതമാനം കോവിഡ് ബാധിതരാണ്. സ്റ്റാഫിൻെറ അഭാവവും ജനിതകമാറ്റം വന്ന വൈറസുകൾ സൃഷ്ടിക്കുന്ന രോഗ വ്യാപനവും എൻഎച്ച്എസ് ഹോസ്പിറ്റലുകൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നു.
ഇതിനിടെ കോവിഡ്-19 ൻെറ ജനിതകമാറ്റം വന്ന പുതിയ വൈറസ് വളരെ വേഗം പടരുന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നു. പുതിയ വൈറസിൻെറ സാന്നിധ്യം ആർ -നമ്പർ 0.4 മുതൽ 0.7 വരെ വർദ്ധിക്കാൻ കാരണമാകുമെന്നാണ് കണ്ടെത്തൽ. യുകെയുടെ ശരാശരി ആർ നമ്പർ ഇപ്പോൾ തന്നെ 1.1 നും 1.3 നും ഇടയിലാണ്. ആർ നമ്പർ 1 -ന് താഴെയാണെങ്കിൽ മാത്രമേ വൈറസ് വ്യാപനം കുറയുന്നു എന്ന് കണക്കാക്കാൻ സാധിക്കുകയുള്ളൂ.
വൈറസ് വ്യാപനം കൂടിയ നിരക്കിൽ തുടരുന്ന സാഹചര്യത്തിൽ ലണ്ടനിലെ പ്രൈമറി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള നടപടികളിൽനിന്ന് ഗവൺമെൻറ് പിൻവാങ്ങി. ലണ്ടൻ മേയർ സാദിഖ് ഖാൻ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ അധ്യാപകരും മാതാപിതാക്കളും കടുത്ത വിമർശനം ഉയർത്തിയിരുന്നു.
Leave a Reply