ലണ്ടന്‍: ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ലോകനിലവാരത്തിലെത്തിക്കാനായി വിഭാവനം ചെയ്ത പുതിയ മൂല്യനിര്‍ണ്ണയ രീതി വിജയശതമാനത്തില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍. 3,60,000ലേറെ വിദ്യാര്‍ത്ഥികള്‍ ശരാശരിയിലും കുറഞ്ഞ ഗ്രേഡുകള്‍ മാത്രമേ നേടാന്‍ ഇടയുള്ളുവെന്നാണ് എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോക നിലവാരത്തില്‍ എത്തണമെങ്കില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിദ്യാഭ്യാസ സമ്പ്രദായം ഇനിയും ഏറെ വികസിക്കണമെന്നും തിങ്ക് ടാങ്ക് അഭിപ്രായപ്പെടുന്നു. ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയെ ലോക നിലവാരവുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.

ഹോങ്കോംഗ്, ഫിന്‍ലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. ഇവയുമായി മത്സരിക്കണമെങ്കില്‍ ജിസിഎസ്ഇ ഇംഗ്ലീഷിലും കണക്കിലും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കേണ്ടി വരും. ഒരു എഡ്യുക്കേഷണല്‍ പവര്‍ഹൗസ് ആയി യുകെ മാറണമെങ്കില്‍ സി ഗ്രേഡ് എന്ന മുന്‍ അളവുകോല്‍ മതിയാവില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. നാളെയാണ് ജിസിഎസ്ഇ പരീക്ഷാഫലം പുറത്തു വരുന്നത്. പുതിയ ഗ്രേഡിംഗ് രീതിയനുസരിച്ച് ഇംഗ്ലീഷ്, കണക്ക് എന്നിവയുടെ ഫലത്തിലാണ് കൂടുതല്‍ പേരും ആശങ്ക പുലര്‍ത്തുന്നത്.

നിലവിലുണ്ടായിരുന്ന എ സ്റ്റാര്‍ മുതല്‍ ജി വരെ ഗ്രേഡുകള്‍ നല്‍കുന്ന സമ്പ്രദായത്തിനു പകരം 9 മുതല്‍ 1 വരെ ഗ്രേഡുകള്‍ നല്‍കുന്നതാണ് പുതിയ രീതി. ഇതില്‍ 5 നേടുന്നത് മികച്ച ഗ്രേഡായി കണക്കാക്കും. ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയുടെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ രീതി ആവിഷ്‌കരിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഈ രീതി മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകള്‍ തെറ്റായി രേഖപ്പെടുത്താന്‍ ഇടയുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.