സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസങ്ങളിൽ, കനത്ത ചൂടിൽ നിന്നും രക്ഷനേടുന്നതിനായി വെസ്റ്റൺ – സൂപ്പർ – മേയർ കടൽ തീരത്തേക്ക് എത്തിയ ടൂറിസ്റ്റുകൾ മണ്ണിലും ചെളിയിലും അകപ്പെട്ടു. നൂറിലധികം ആളുകളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടണിലെ ഹെയ്ത്രോ എയർപോർട്ടിൽ ഇന്നലെ നിലവിലെ ഏറ്റവും ഉയർന്ന താപനിലയാണ് 33 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ചൂടിൽ നിന്നും രക്ഷനേടുന്നതിനായി ആണ് ടൂറിസ്റ്റുകൾ പലരും കടൽ തീരത്ത് എത്തി വെള്ളത്തിൽ ഇറങ്ങിയത്.

എന്നാൽ അവിടെ മണ്ണിലും ചെളിയിലും പല ടൂറിസ്റ്റുകളും പുതഞ്ഞു പോവുകയായിരുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനായി കോസ്റ്റ് ഗാർഡുകൾ ഉടൻ തന്നെ എത്തി. നിരവധി ആളുകളാണ് ബീച്ചിൽ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പലരുടെയും കയ്യിൽ കൊച്ചു കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.


ജനങ്ങൾ ഇത്തരത്തിൽ അപകടത്തിൽ ആകരുതെന്നും, ജാഗ്രത പാലിക്കണമെന്നും ഉള്ള നിർദ്ദേശങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും നൽകിയിട്ടുണ്ട്. അപകടത്തിൽപെട്ട ആർക്കും തന്നെ സാരമായ പരിക്കുകളില്ല.