ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജിപിമാരുടെ കുറവ് കാരണം ആയിരക്കണക്കിന് ആളുകൾക്ക് അപ്പോയിന്റ്മെന്റ് ലഭിക്കാൻ തടസമാകുന്നെന്ന് വെളിപ്പെടുത്തലുമായി എൻ എച്ച് എസ്. പ്രതിമാസ സ്റ്റാഫിംഗ് ഡാറ്റയിലാണ് വെളിപ്പെടുത്തൽ. 2015 നെ അപേക്ഷിച്ച് ഇപ്പോൾ ഏകദേശം 2,000 ഫാമിലി ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം രോ​ഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയരുകയാണ്.

ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രോ​ഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡോക്ടർമാരില്ലാത്ത സാഹചര്യം വലിയ ആശങ്ക സൃഷ്ടിക്കുന്നെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇപ്പോൾ ടോറി നേതൃത്വം ഇത് പരിഹരിക്കാമെന്ന് ഉറപ്പു നൽകി രം​ഗത്തു വന്നിരിക്കുകയാണ്. സീനിയർ ഫാമിലി ഡോക്ടർമാരുടെ സേവനം അടിയന്തിരമായി വർദ്ധിപ്പിക്കുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

ചികിത്സയ്ക്കായി ആഴ്ചകൾ കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ​ഗവൺമെന്റിന്റെ ഭാ​ഗത്തു നിന്ന് വിഷയത്തിന്മേൽ ​ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്നാണ് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർ പ്രൊഫസർ മാർട്ടിൻ മാർഷൽ പറയുന്നത്. 2019 ൽ മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷം സർക്കാർ ഈ കാര്യത്തിൽ മിണ്ടിയിട്ടില്ലെന്നും വിമർശനമായി ഉയരുന്നുണ്ട്.