ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പുരാതന രഹസ്യം പേറുന്ന സ്റ്റോൺഹെഞ്ചുകൾ മുതൽ പ്രസിദ്ധമായ സാലിസ്ബറി കത്തീഡ്രൽ വരെ വിൽറ്റ്ഷയർ കൗണ്ടിയുടെ സുപ്രധാനമായ ലാൻഡ് മാർക്കുകളാണ്. ഈ ആകർഷണങ്ങൾ പലപ്പോഴും സഞ്ചാരികൾക്കുള്ള ഗൈഡ് ബുക്കുകളിൽ മുൻനിര സ്ഥാനത്തുള്ളവയാണ്. എന്നാൽ ഇവയ്ക്കെല്ലാമപ്പുറം, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന, വിസ്മയവും ആശ്ചര്യവും മറ്റു ചിലപ്പോൾ ഭയവും ഉണർത്തുന്ന മറ്റൊരു ലാൻഡ് മാർക്കും വിൽറ്റ്ഷയറിനു സ്വന്തമായുണ്ട്. ഒരു സെൻട്രൽ ഐലൻഡിനെ വലയം ചെയ്യുന്ന അഞ്ച് മിനി റൗണ്ട് എബൗട്ടുകൾ ഉള്ള സ്വിൻഡനിലെ ‘മാജിക്‌ റൗണ്ട് എബൌട്ട്‌ ‘ ആണ് ഈ ആകർഷണം. ഈ വർഷത്തെ യുകെ റൗണ്ട് എബൗട്ട് അവാർഡിന് ‘മാജിക്‌ റൗണ്ട് എബൌട്ട്‌ ‘ അർഹമായിരിക്കുകയാണ്. യുകെ റൗണ്ട്എബൗട്ട് അപ്രീസിയേഷൻ സൊസൈറ്റിയാണ് ഈ അവാർഡുകൾ എല്ലാവർഷവും പ്രഖ്യാപിക്കുക. നിരവധി വർഷങ്ങളായി സ്വിൻഡൻ നഗരത്തിൻ്റെ ഒരു സവിശേഷതയാണ് ഈ റൗണ്ട് എബൌട്ട്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വിൻഡൺ നിവാസികൾ തലമുറകളായി ഇത് ഓരോ ദിവസവും ഉപയോഗിക്കുന്നു. എന്നാൽ ഈ റൗണ്ട് എബൗട്ടിനെ സംബന്ധിച്ച വാർത്തകൾ ഭൂഖണ്ഡങ്ങൾക്ക് അപ്പുറവും പ്രസിദ്ധമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നിരവധി ഓർമ്മകളാണ് ഓരോരുത്തർക്കും ഈ റൗണ്ട് എബൌട്ടിനെ സംബന്ധിച്ച് പങ്കുവെക്കാനുള്ളത്. മനസ്സിനെ ഒരു നിമിഷമെങ്കിലും ചാഞ്ചാടിക്കാനുള്ള ഘടന ഉണ്ടായിരുന്നിട്ടും, 35 വർഷമായി താൻ ഇതിലൂടെ സഞ്ചരിച്ചിട്ടും വളരെ അപൂർവമായി മാത്രമാണ് ഇതിൽ ആക്സിഡന്റുകൾ സംഭവിച്ച് കണ്ടിട്ടുള്ളതെന്ന് സ്വിൻഡനിൽ നിന്നുള്ള ഒരു മുൻ ടാക്സി ഡ്രൈവർ ബാരി കുക്ക് ഓർമ്മിച്ചു. 2000 കാലഘട്ടത്തിൽ ന്യൂയോർക്കിൽ നിന്നും ലണ്ടനിൽ എത്തി, അവിടെ നിന്നും ഈ റൗണ്ട് എബൌട്ട്‌ കാണാനായി മാത്രം സ്വിൻഡനിൽ എത്തിയ അമേരിക്കൻ കുടുംബത്തെ താൻ വാഹനത്തിൽ കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം തന്റെ ഓർമ്മകളിൽ നിന്നും പറഞ്ഞു. ഈ റൗണ്ട് എബൌട്ടിലൂടെ ഏകദേശം 8 തവണയോളം അവർ സഞ്ചരിച്ചതായും അതിനുമാത്രമുള്ള പണം തനിക്ക് നൽകിയതായും അദ്ദേഹം ഓർമ്മിച്ചു.

1972-ൽ തുറന്ന ഈ റൗണ്ട് എബൗട്ട് , അതേ പേരിലുള്ള ബിബിസിയുടെ കുട്ടികളുടെ പരിപാടിയോടുള്ള ആദരസൂചകമായി പ്രാദേശികമായി മാജിക് റൗണ്ട് എബൗട്ട് എന്നാണ് അറിയപ്പെടുന്നത്. പ്രശസ്തമായ റൗണ്ട് എബൗട്ട് സ്വിൻഡൻസ് കൗണ്ടി ഗ്രൗണ്ട് സ്റ്റേഡിയത്തിന് തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഇത് ലോകമെമ്പാടുമുള്ള ഭൂപടത്തിൽ സ്വിൻഡൻ പട്ടണത്തെ പ്രതിഷ്ഠിച്ച, ഐക്കോണിക് ലാൻഡ്‌മാർക്ക് ആണെന്നും, ഓരോ പ്രദേശവാസികളും ഇതിൽ അഭിമാനം കൊള്ളുന്നുണ്ടെന്നും സ്വിന്ഡൻ ബറോ കൗൺസിലിൻ്റെ പരിസ്ഥിതി- ഗതാഗത ക്യാബിനറ്റ് അംഗം ക്രിസ് വാട്ട്സ് പറഞ്ഞു. മികച്ച അംഗീകാരം നൽകിയതിന് കെവിനും യുകെ റൗണ്ട് എബൗട്ട് അപ്രീസിയേഷൻ സൊസൈറ്റിക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.