സ്വന്തം ലേഖകൻ
ജന്മനാ അന്ധതയെന്ന ഇരുൾ പാട കണ്ണുകളെ മൂടിയ ടോയൽ ഇന്ന് ലോകത്തിനു മുഴുവൻ വെളിച്ചം പകരാൻ ഉള്ള ശ്രമത്തിലാണ്. തന്റെ ആറാം വയസ്സിൽ യുകെയിലെത്തിയ ടോയൽ പരിമിതികളെ തന്നെ ആയുധമായി കണ്ട് ഉറച്ച നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന വ്യക്തിയാണ്. ഇരട്ട സഹോദരനും കുടുംബാംഗങ്ങളും ആണ് വിജയവഴിയിൽ ടോയലിനു കൈത്താങ്ങ്.
മാഞ്ചസ്റ്ററിന് അടുത്തുള്ള വിഗണിൽ ആണ് ഈ മിടുക്കന്റെ താമസം. ഷാജു ആനി ദമ്പതിമാരുടെ മകനാണ്. 2014ൽ ജി സി എസ് ഇ പരീക്ഷയിൽ വൻ വിജയം നേടിയ ടോയൽ അന്ന് ഇംഗ്ലീഷ് മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ജി സി എസ് ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ വാങ്ങിയാണ് ടോയൽ ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിൽ അഡ് മിഷൻ നേടിയത്. അന്ന് ലിവർപൂളിൽ എ സി എ എൽന്റെ നേതൃത്വത്തിൽ ടോയലിനു സ്വീകരണം നൽകിയിരുന്നു. അന്നത്തെ വാൾട്ടൻ എംപി ആയിരുന്ന സ്റ്റീവ് റോതറാം ആണ് ടോയലിനു മെമെന്റോ സമ്മാനിച്ചത്. 6 വയസ്സു മുതൽ യുകെയിൽ ടോയലിൻെറ കഴിവുകൾക്ക് അനുസൃതമായ പരിഗണന ലഭിക്കുന്നുണ്ടായിരുന്നു.
ഏറ്റവും മികച്ച രീതിയിൽ ലോകത്തെ സേവിക്കാനുതകണമെന്നാണ് ടോയലിന്റെ ആഗ്രഹം. അതിനുള്ള ആദ്യ ചവിട്ടുപടിയായി ഗവൺമെന്റ് ലീഗൽ അഡ്വൈസർ ജോലി ആരംഭിച്ചുകഴിഞ്ഞു. നിയമത്തിൽ പിഎച്ച്ഡി നേടണം എന്നതാണ് അടുത്ത ലക്ഷ്യം.