നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ അത് യുകെയിലെ കാര്‍ നിര്‍മാണത്തിനും ഫാക്ടറികളിലുള്ള നിക്ഷേപത്തിനും ഭീഷണിയാകുമെന്ന് വാഹന നിര്‍മാതാക്കള്‍. കാര്‍ നിര്‍മാതാക്കളായ ടൊയോട്ട, ബിഎംഡബ്ല്യു എന്നിവയാണ് ഉപാധി രഹിത ബ്രെക്‌സിറ്റ് തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ മിനിയുടെ ഉത്പാദനം യുകെയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ബിഎംഡബ്ല്യു സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഡെര്‍ബിയില്‍ സ്ഥിതിചെയ്യുന്ന തങ്ങളുടെ യുകെ ഫാക്ടറി നഷ്ടത്തിലാകുമെന്ന ഭീതിയുണ്ടെന്നും നോ ഡീല്‍ സൃഷ്ടിക്കുന്ന പ്രതികൂല ഫലങ്ങള്‍ ഭാവിയില്‍ കൊണ്ടുവരാനിടയുള്ള നിക്ഷേപങ്ങളെ ബാധിക്കുമെന്നും ടൊയോട്ടയുടെ യൂറോപ്യന്‍ ഓപ്പറേഷന്‍സ് തലവന്‍ ജോഹാന്‍ വാന്‍ സൈല്‍ ബിബിസിയോട് പറഞ്ഞു.

ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത് കമ്പനിയുടെ മത്സര ക്ഷമതയെ ബാധിക്കുന്ന വിധത്തിലേക്കാണ് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്താണ് സംഭവിക്കുകയെന്നതായിരിക്കും തങ്ങള്‍ ആദ്യം പരിശോധിക്കുകയെന്ന് ബിഎംഡബ്ല്യു ബോര്‍ഡ് മെമ്പറായ പീറ്റര്‍ ഷ്വാര്‍സെന്‍ബോവര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. മിനിയെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യം ദോഷകരമാണ്. ഓക്‌സ്‌ഫോര്‍ഡിന് അടുത്ത് കൗളിയിലുള്ള മിനി നിര്‍മാണ യൂണിറ്റ് മാറ്റുമോ എന്ന ചോദ്യത്തിന് അത് പരിഗണിക്കേണ്ടി വരുമെന്നായിരുന്നു മറുപടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നായിരുന്നു നേരത്തേ ബിഎംഡബ്ല്യു ചീഫ് എക്‌സിക്യൂട്ടീവ് ഹാരോള്‍ഡ് ക്രൂഗര്‍ ബിബിസിയോട് പറഞ്ഞത്. ഏതു സാഹചര്യത്തിലും ബ്രിട്ടനില്‍ നിന്ന് പുറത്തു പോകില്ലെന്ന് നേരത്തേ അറിയിച്ചിരുന്ന നിസാനും ഹോണ്ടയും യുകെയുടെ കാര്‍ വ്യവസായ മേഖലയ്ക്ക് പ്രഹരമാകുന്ന തീരുമാനമെടുത്തതിനു പിന്നാലെയാണ് ടൊയോട്ടയും ബിഎംഡബ്ല്യുവും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വിന്‍ഡനിലുള്ള പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ഹോണ്ടയും പുതിയ മോഡല്‍ യുകെയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി നിസാനും അറിയിച്ചിരുന്നു.