നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് നല്‍കി വരുന്ന ബജറ്റ് വിഹിതം വര്‍ഷങ്ങളോളം തുടര്‍ന്നും നല്‍കേണ്ടി വരും. യൂറോപ്യന്‍ കമ്മീഷന്‍ തയ്യാറാക്കിയ മുന്‍കരുതല്‍ പദ്ധതിയിലാണ് ഈ വ്യവസ്ഥയുള്ളത്. ബ്രെക്‌സിറ്റ് അനുകൂലികളുടെ വലിയ എതിര്‍പ്പ് വിളിച്ചു വരുത്തുന്ന നിര്‍ദേശമാണ് ഇത്. ബ്രിട്ടീഷ് പാര്‍ലമെന്റിലും ഇത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. 2019ലെയും വരും വര്‍ഷങ്ങളിലെയും യൂറോപ്യന്‍ ബജറ്റിലേക്ക് ബ്രിട്ടന്‍ വിഹിതം നല്‍കേണ്ടി വരുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ബുധനാഴ്ചയാണ് ബ്രസല്‍സ് പുറത്തു വിട്ടത്.

ഏപ്രില്‍ 18 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന അവസാന തിയതിക്കു ശേഷം നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ ബ്രിട്ടന് ഈ വ്യവസ്ഥ അംഗീകരിക്കേണ്ടി വരും. മാര്‍ച്ച് 29ന് അര്‍ദ്ധരാത്രിയാണ് ബ്രെക്‌സിറ്റ് ഔദ്യോഗികമായി നടപ്പാകുന്നത്. അതേസമയം നോ ഡീല്‍ പ്രതിഫലിക്കുമോ എന്ന് അറിയാന്‍ അല്‍പ സമയം നല്‍കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാലാണ് ഏപ്രില്‍ 18 വരെ സമയം നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ സഹായത്താല്‍ നടന്നു വരുന്ന കൃഷി, ഗവേഷണം തുടങ്ങിയവയ്ക്ക് നോ ഡീല്‍ ബ്രെക്‌സിറ്റ് സൃഷ്ടിക്കാവുന്ന ആഘാതം കുറയ്ക്കാന്‍ ബജറ്റ് വിഹിതം നല്‍കുന്നതിലൂടെ സാധിക്കുമെന്നാണ് യൂണിയന്‍ വ്യക്തമാക്കുന്നത്.

2019 മാര്‍ച്ച് 30 മുതല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറുകളിലെല്ലാം ഈ വ്യവസ്ഥ ബാധകമായിരിക്കും. ചില കരാറുകള്‍ക്ക് രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ളതിനാല്‍ ബജറ്റ് വിഹിതമായി പണം നല്‍കേണ്ടി വരുന്നത് ഇക്കാലമത്രയും തുടരേണ്ടതായി വന്നേക്കും. പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുപോലെ 28 അംഗരാജ്യങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ പാലിക്കാന്‍ 28 രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ പുറത്തുവിട്ട പ്രസ്താവന പറയുന്നു.