കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികള്‍ക്ക് ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സയെന്ന് ആരോപണം. രണ്ട് കേസുകളിലും സി.പി.ഐ.എം പ്രവര്‍ത്തകരാണ് പ്രതികള്‍. ഇവര്‍ക്ക് സുഖ ചികിത്സ ഒരുക്കുന്നത് പൊലീസിലെ ചിലരുടെ ഒത്താശയോടെയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ ചികിത്സക്കിടെ വീടുകളില്‍ പോയിരുന്നതായും ആരോപണം ഉയരുന്നു.

ടി.പി വധക്കേസിലെ പ്രധാന പ്രതിയായ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കെ.സി രാമചന്ദ്രന്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. ആശുപത്രിയിലെ 211-ാം നമ്പര്‍ മുറിയിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ചികിത്സയൊരുക്കുമ്പോള്‍ പൊലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണമെന്നാണ് ചട്ടം. ഇത്തരം സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയില്‍ മാത്രമേ പ്രതികള്‍ക്ക് ചികിത്സ നല്‍കാവുയെന്ന നിയമം കാറ്റില്‍ പറത്തിയാണ് കെ.സി രാമചന്ദ്രനെ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ സി.പി.എം അനുഭാവികളാണെന്നും ഇവരാണ് പ്രതികള്‍ക്കാവശ്യമായ കാര്യങ്ങള്‍ നിറവേറ്റുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളില്‍ ചിലര്‍ ഇതേ ആശുപത്രിയില്‍ 45 ദിവസത്തെ സുഖവാസത്തിനു എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.