ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കുട്ടികളുടെ കളിസ്ഥലങ്ങളിൽ ക്യാൻസറുമായി ബന്ധമുള്ള ഗ്ലൈഫോസേറ്റ് എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ലണ്ടനിലും സമീപ കൗണ്ടികളിലുമുള്ള 13 കളിസ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ടിടങ്ങളിൽ ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി പെസ്റ്റിസൈഡ്സ് ആക്ഷൻ നെറ്റ്‌വർക്ക് യുകെ അറിയിച്ചു. ലോകാരോഗ്യ സംഘടന 2015 മുതൽ “ഗ്ലൈഫോസേറ്റിനെ “ കാൻസറിന് കാരണമാകും എന്ന നിലയിലാണ് കാണുന്നത്. എന്നിട്ടും പൊതുപാർക്കുകളിലും കളിസ്ഥലങ്ങളിലും ഈ രാസവസ്തു വ്യാപകമായി ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ.

കുട്ടികൾ കളിക്കുന്ന സ്വിംഗ്, സ്ലൈഡ് പോലുള്ള ഉപകരണങ്ങളിൽ പോലും ഗ്ലൈഫോസേറ്റ് കണ്ടത് ഏറെ ആശങ്കാജനകമാണെന്ന് പ്രവർത്തകർ പറയുന്നു. ചെറുകുട്ടികൾ കൈകളും വസ്തുക്കളും വായിൽ ഇടുന്ന സ്വഭാവമുള്ളതിനാൽ ഇത് ആരോഗ്യത്തിന് വലിയ ഭീഷണിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലിവർ, വൃക്ക രോഗങ്ങൾ മുതൽ ല്യൂക്കീമിയ പോലുള്ള ക്യാൻസറുകൾ വരെ ഗ്ലൈഫോസേറ്റുമായി ബന്ധപ്പെടുത്തി ഉണ്ടാകാമെന്ന പഠനങ്ങൾ പുറത്തു വന്നിട്ടുണ്ടെന്ന് കിംഗ്സ് കോളജ് ലണ്ടനിലെ പ്രൊഫസർ മൈക്കൽ ആന്റോണിയോ പറഞ്ഞു.

ഇതിനിടെ, 2021 മുതൽ ഗ്ലൈഫോസേറ്റ് ഒഴിവാക്കിയ ഹാക്ക്നി മേഖലയിൽ ഒരു കളിസ്ഥലത്തിലും ഈ രാസവസ്തുവിന്റെ അടയാളം കണ്ടെത്താനായില്ല. ഇതോടെ ഗ്ലൈഫോസേറ്റ് പൊതുസ്ഥലങ്ങളിൽ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഗ്രീൻ പാർട്ടി എംപി സിയാൻ ബെറി ഇതുസംബന്ധിച്ച് ബിൽ അവതരിപ്പിച്ചിട്ടുണ്ട്. “കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടങ്ങളായിരിക്കേണ്ട കളിസ്ഥലങ്ങൾ അപകടമേഖലയാകരുത്” എന്നാണ് രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നിലപാട്.











Leave a Reply