ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പാൻഡെമിക് സമയത്ത് തന്റെ ഭർത്താവിന്റെ നേതൃത്വത്തിലുള്ള ഒരു കമ്പനി യുകെ സർക്കാരിന് വിറ്റ പി പി ഇ കിറ്റുകളിൽ നിന്ന് ദശലക്ഷക്കണക്കിന് പൗണ്ട് ലാഭം തനിക്ക് ലഭിച്ചതായി മിഷേൽ മോൺ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ബിബിസിയുമായുള്ള ഒരു അഭിമുഖത്തിലാണ് ദമ്പതികൾ മൂന്നു വർഷമായി നിഷേധിച്ച കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത്. പാൻഡെമിക് സമയത്ത് എൻ എച്ച് എസിലേക്ക് പി പി ഇ കിറ്റ് വിതരണം ചെയ്യുന്നതിനായി പി പി ഇ മെഡ്പ്രൊ എന്ന കമ്പനിക്ക് 20 മില്ല്യണിലധികം പൗണ്ട് മൂല്യമുള്ള സർക്കാർ കരാറുകൾ വിഐപി പാതയിലൂടെ ലഭിച്ചു. 2021 നവംബറിൽ പിപിഇ മെഡ്‌പ്രോയ്ക്ക് വിഐപി പാതയിൽ ഇടം ലഭിക്കുന്നതിന് മിഷേൽ മോണിന്റെ ഭർത്താവായ ബറോണസ് മോണാണ് ചുക്കാൻ പിടിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. കമ്പനി വിതരണം ചെയ്ത ദശലക്ഷക്കണക്കിന് ഗൗണുകൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെങ്കിലും കരാർ പ്രകാരമാണ് ഇവ വിതരണം ചെയ്തതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. മുൻപ് ഇത്തരം കരാറുകളുമായുള്ള തന്റെ ബന്ധം മിഷേൽ നിഷേധിച്ചിരുന്നെങ്കിലും, താനും മക്കളും സാമ്പത്തിക ട്രസ്റ്റിന്റെ ഗുണഭോക്താക്കളാണെന്ന് അവർ സമ്മതിച്ചിരിക്കുകയാണ്.

മുൻ കൺസർവേറ്റ് പാർട്ടി അംഗവും, പ്രശസ്തമായ ബ്രാൻഡിന്റെ ഉടമയുമാണ് മിഷേൽ മോൺ. തങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് കള്ളം പറഞ്ഞത് മാത്രമാണ് തങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ച തെറ്റന്നു അവർ ബിബിസിയോട് വ്യക്തമാക്കി. രണ്ടര വർഷമായി തങ്ങൾ ദേശീയ ക്രൈം ഏജൻസിയുടെ (എൻസിഎ) അന്വേഷണത്തിലാണെന്ന് ദമ്പതികൾ ബിബിസിയോട് അംഗീകരിച്ചിട്ടുമുണ്ട്. നിലവിൽ പാർലമെന്റിൽ നിന്ന് അവധിയിൽ പ്രവേശിച്ച ബറോണസ്, തന്റെ പദവി തിരികെ നൽകുമോ എന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും വ്യക്തമാക്കി.