ഏറെ ആഗ്രഹിച്ച നേപ്പാൾ യാത്ര ഇവർക്ക് മരണയാത്രയായിരുന്നു. പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജിലെ സൗഹൃദത്തിന്റെ ഓര്‍മ പുതുക്കാനാണ് നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളിലേക്ക് പോയത്. കോളജിലെ 2000-2004 ബാച്ചിലുണ്ടായിരുന്നവരായിരുന്നു ഇവര്‍. കോളജ് ബാച്ചിലുണ്ടായിരുന്ന 56പേരും പഠത്തിന് ശേഷവും അടുത്ത ബന്ധം വെച്ചുപുലര്‍ത്തിയിരുന്നു. ഇടക്കിടെ യാത്രകളും പതിവായിരുന്നു. ഇത്രയും ദൂരേക്ക് യാത്ര പോകുന്നത് ആദ്യമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നേപ്പാളിലാണെന്നും വെള്ളിയാഴ്ച തിരിച്ചെത്തുമെന്നുമാണ് പ്രവീണ്‍ കൂട്ടുകാരോട് പറഞ്ഞിരുന്നത്.
ദുബായില്‍ എന്‍ജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ ശശി(34), ഇവരുടെ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് ശരണ്യ നായര്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് അടുത്തോലത്ത് പുനത്തില്‍ ടി ബി രഞ്ജിത് കുമാര്‍ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരന്‍ (34) ഇവരുടെ മകന്‍ വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഒരേ റൂമില്‍ രാത്രി തങ്ങിയ ഇവരുടെ രഞ്ജിത്തിന്റെ മകന്‍ മാധവ് മാത്രമാണ് രക്ഷപ്പെട്ടത്. മൊത്തം പതിനഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത്.
സഹപാഠിയും ഡാര്‍ജിലിങില്‍ എഫ്‌സിഐയിലെ ഉദ്യോഗസ്ഥനുമായ രാംകുമാറിനെ കണ്ടശേഷമാണ് സംഘം നേപ്പാളിലേക്ക് പോയത്. സംഘത്തിലുണ്ടായിരുന്നവര്‍ വാട്‌സാപ്പിലൂടെ വിവരം അറിയിച്ചപ്പോഴാണ് നാട്ടിലുള്ള സുഹൃത്തുക്കള്‍ അപകട വിവരം അറിഞ്ഞത്. അപകടത്തില്‍പ്പെട്ടവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്നവര്‍ റോഡ് മാര്‍ഗം കഠ്മണ്ഡുവില്‍ എത്തിച്ചേരുകയായിരുന്നു. അമ്ബലപ്പുഴ, പാപ്പനംകോട് നിവാസികളായ സുഹൃത്തുക്കളും കുടുംബവുമാണ് നേപ്പാള്‍ യാത്രയില്‍ ഒപ്പമുണ്ടായിരുന്നത്.
അതേസമയം ഇവരുടെ ജീവനെടുത്തത് കാർബൺ മോണോക്സൈഡ് എന്ന വാതകമാണ്. പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലെ താപപ്രവര്ത്തനങ്ങളുടെ ഏറ്റക്കുറച്ചില്‍ മൂലം ഉണ്ടാകുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഇതിന് മണമോ നിറമോ ഇല്ലാത്തതിനാല്‍ ഏറെ അപകടകാരിയാകുന്നു. നമ്മള് അറിയാതെ തന്നെ ഇത് ശ്വാസകോശത്തില്‍ പ്രവേശിക്കുകയും ഉടന്‍ തന്നെ രക്തത്തില്‍ കലരുകയും ചെയ്യും. ഇതിലൂടെയാണ് മരണം സംഭവിക്കുന്നത്. കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലര്‍ന്നാല്‍ ശരീരത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാള്‍ അബോധാവസ്ഥയിലേയ്ക്കു പോവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അടച്ചിട്ട മുറിയിലാണ് കാര്‍ബണ്‍ മോണോക്സൈഡ് ലീക്കാവുന്നതെങ്കില് രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണ്. ഉറക്കത്തിനിടയിലാണ് ലീക്ക് സംഭവിക്കുന്നതെങ്കില്‍ വളരെ നിശബ്ദമായി മരണത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്.
Leave a Reply