പ്രണയം നിര്‍വചനങ്ങളില്ലാത്ത വിസ്മയം. പ്രണയം പോലെ ജീവിതത്തില്‍ മധുരതരമായ മറ്റൊന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്.  മിക്കവാറും കൗമാരപ്രായത്തിലോ യൗവ്വനാരംഭത്തിലോ ആയിരിക്കും ആദ്യ പ്രണയം. ഇക്കാലത്ത് ആ പ്രണയത്തിന് വേണ്ടി സര്‍വ്വവും മറ്റിവെക്കുന്ന അവസ്ഥയിലായിരിക്കും. അത്രയേറെ മനസില്‍ ആഴ്ന്നിറങ്ങിയ പ്രണയാനുഭവമായിരിക്കും അത്. ഈ തീവ്രതയാകാം പ്രണയത്തിന് അവിസ്മരണീയതയേകുന്നത്. ഏതു സങ്കല്‍പ്പ കഥകളെയും തോല്‍പ്പിക്കുന്ന തരത്തിലാകും യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയത്തിന്റ ഇടപെടലുകള്‍. മനുഷ്യനുണ്ടായ കാലം മുതല്‍ ഇത്തരം പ്രണയ കഥകളുമുണ്ട്. അവയുടെ നോവും നിനവും ആനന്ദവുമുണ്ട്. വിനുവിന്റെയും ലിനിഷയുടെയും ജീവിതം അതിനെ ഒരിക്കല്‍ കൂടി അടിവരയിട്ടുറപ്പിക്കുന്നു. പ്രിയപ്പെട്ടവള്‍ക്കു വേണ്ടിയുള്ള വിനുവിന്റെ കാത്തിരിപ്പും ത്യാഗവും ആരുടെയും കണ്ണു നനയിക്കും. ചങ്കു നോവിക്കും. ആ കഥ ഇങ്ങനെ:

എറണാകുളം പരവൂര്‍ പുത്തന്‍ വേലിക്കരക്കാരന്‍ വിനു. കല്‍പ്പണിയാണ് തൊഴില്‍. ദിവസക്കൂലിക്കു പണിയെടുക്കുന്ന സാധാരണ തൊഴിലാളി. വിനുവിന്റെ കാമുകി ലിനിഷ കഴിഞ്ഞ രണ്ടര വര്‍ഷമായി ഒരപകടത്തെത്തുടര്‍ന്ന് കോമാ സ്‌റ്റേജിലാണ്. പക്ഷേ ഒരു ദിവസം അവള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുമെന്നും തന്റെ ജീവിത സഖിയാകുമെന്നും വിനു പ്രതീക്ഷിക്കുന്നു. അതിനുള്ള സാധ്യത തീരെ കുറവെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും മറിച്ചു ചിന്തിക്കാന്‍ ഈ ചെറുപ്പക്കാരന്‍ തയ്യാറല്ല. തനിക്കു കിട്ടുന്ന ചെറിയ വരുമാനത്തില്‍ നിന്നും ലിനിഷയുടെ ചികിത്സയും ഇരു കുടുംബങ്ങളുടെ ചിലവുമൊക്കെ സ്വന്തം ചുമലിലേറ്റി അയാള്‍ പറയുന്നു :

”മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഒരു ദിവസം അവള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുമെന്നു തന്നയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.”– പ്രണയത്തിലാകുമ്പോള്‍ വിനുവിന് പ്രായം ഇരുപത്തിയഞ്ച്. ലിനിഷയ്ക്ക് പതിന്നാറും. ഈ ബന്ധത്തില്‍ ലിനിഷയുടെ വീട്ടുകാര്‍ക്ക് തുടക്കം മുതലേ എതിര്‍പ്പായിരുന്നു. എങ്കിലും പിന്‍മാറാന്‍ ഇരുവരും തയ്യാരായിരുന്നില്ല. പതിനൊന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രണ്ടായിരത്തി പതിനഞ്ചില്‍ സുഹൃത്തുക്കളോടൊപ്പം വിനു ലിനിഷയുടെ വീട്ടിലെത്തി വിവാഹമാലോചിച്ചു. അപ്പോഴും വീട്ടുകാര്‍ വഴങ്ങിയില്ല. വീണ്ടും പ്രതിസന്ധിയുടെ നാളുകള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവില്‍ 2016 മേയില്‍ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിച്ചു. ഓഗസ്റ്റ് 28ന് വിവാഹം തീരുമാനിച്ച് നിശ്ചയവും നടത്തി. എന്നാല്‍ ആ സന്തോഷത്തിനു ദിവസങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ. വിവാഹ നിശ്ചയം കഴിഞ്ഞ് നേര്‍ച്ചയുടെ ഭാഗമായി വേളാങ്കണ്ണിയിലേക്കു പോയ ലിനിഷയും മാതാപിതാക്കളും ദിണ്ടിഗലില്‍ വച്ച് ഒരു അപകടത്തില്‍ പെട്ടു. ഗുരുതരമായി പരുക്കേറ്റ ലിനിഷ കോമാ സ്റ്റേജിലായി. അച്ഛനമ്മമാര്‍ക്കും സാരമായി പരുക്കേറ്റു. അപകട വിവരമറിഞ്ഞ് ആശുപത്രിയിലേക്കോടിയെത്തിയതു മുതല്‍ വിനു ലിനിഷയ്‌ക്കൊപ്പമുണ്ട്. ഇപ്പോള്‍ രണ്ടര വര്‍ഷം.

ഒരു ദിവസം തന്റെ ‘ ചക്കര ‘ (അങ്ങനെയാണ് വിനു ലിനിഷയെ വിളിക്കുക) ജീവിതത്തിലേക്കു മടങ്ങി വരുമെന്നും താനവളുടെ കഴുത്തില്‍ താലി ചാര്‍ത്തുമെന്നും വിനു വിശ്വസിക്കുന്നു. ഇപ്പോള്‍ എല്ലാ ദിവസവും രാവിലെ ആറരയോടെയാണ് വിനുവിന്റെ ഒരു ദിവസം ആരംഭിക്കുക. ഉണര്‍ന്നാലുടന്‍ നേരെ ലിനിഷയുടെ വീട്ടിലേക്കു പോകും. ഒരു മണിക്കൂര്‍ പ്രിയപ്പെട്ടവളോടു വര്‍ത്തമാനം പറയും. അവളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കും. ഏഴരയോടെ പണിക്കു പോകും. വൈകുന്നേരവും ഇങ്ങനെ തന്നെ.

പലരും മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടങ്കിലും വിനു തയ്യാറല്ല. ജീവിക്കുന്നെങ്കില്‍ അതു ലിനിഷയ്‌ക്കൊപ്പം. അത് വിനു തീരുമാനിച്ചതാണ്. വിനുവിന്റെയും ലിനിഷയുടെയും കുടുംബങ്ങളും ലിനിഷയുടെ ചികിത്സാച്ചിലവുകളുമൊക്കെ വിനുവിന്റെ ചെറിയ വരുമാനത്തിലാണ് കഴിഞ്ഞു പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഞെരുക്കുന്നുണ്ടങ്കിലും വിനു പതറുന്നില്ല. ”എല്ലാം ശരിയാകും. അവള്‍ ഉണര്‍ന്നു കഴിഞ്ഞ് ഞങ്ങള്‍ ഒരിക്കല്‍ കൂടി വേളാങ്കണ്ണിക്കു പോകും. പാതി മുടങ്ങിയ യാത്ര പൂര്‍ത്തിയാക്കും.”– ഈ ചെറുപ്പക്കാരന്‍ ശുഭാക്തി വിശ്വാസത്തിലാണ്. വിനുവിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം…