ചികിത്സ ലഭിക്കാതെ വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. വെള്ളായണി തിരുമംഗലം ലെയ്‌നിൽ വാടകയ്ക്കു താമസിക്കുന്ന ഷമീറ(36)യും നവജാതശിശുവുമാണ് മരിച്ചത്. ആശുപത്രിയിൽ ശുശ്രൂഷയ്ക്കു കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവത്തിനു പ്രേരിപ്പിച്ച ഭർത്താവ് നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. തുടർന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാംവിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഷമീറ പൂർണഗർഭിണിയായപ്പോൾത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും, ആശുപത്രിയിലെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. നയാസ് ഇതിനു തയ്യാറാകാതെവന്നപ്പോൾ പോലീസ് ഇടപെട്ടിട്ടും പ്രസവം വീട്ടിൽ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കായി പോലീസ് വീട് സീൽ ചെയ്തിട്ടുണ്ട്. അക്യുപങ്ചർ ചികിത്സയ്ക്കു യുവതി വിധേയയായിരുന്നുവെന്ന് സംശയമുണ്ട്. ഇരുവർക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.
Leave a Reply