നിയമകുരുക്കുകളെതുടർന്ന് മൂന്ന് മാസത്തോളം അടിവാരത്ത് തടഞ്ഞിട്ട ഭീമൻ യന്ത്രങ്ങൾ കയറ്റിയ കൂറ്റൻ ട്രക്കുകൾ താമരശ്ശേരി ചുരം കയറി. വൻ സന്നാഹങ്ങളുടെ അകമ്പടിയിലാണ് നഞ്ചൻകോട് നെസ്ലെ ഫാക്ടറിയിലേക്കുള്ള ഭീമൻ യന്ത്രങ്ങങ്ങളുമായി ചുരംകയറിയത്. ഇതോടെ താമരശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത തടസങ്ങൾ ഒഴിവായി.

രാത്രി 10.50 നാണു ഭീമൻ യന്ത്രങ്ങളും വഹിച്ച് ട്രക്കുകൾ അടിവാരത്ത് നിന്ന് പുറപ്പെട്ടത് .ട്രക്കുകളെ അനുഗമിച്ച് പൊലീസ്, വനം, റവന്യൂ, മോട്ടോർവാഹന, കെ എസ് ഇബി അധികൃതരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഉണ്ടായിരുന്നു. അടിയന്തര സഹായത്തിന് ആംബുലൻസുകളും ഹിറ്റാച്ചിയും ക്രമീകരിച്ചിരുന്നു.

ചുരം വഴിയുള്ള മറ്റ് വാഹനങ്ങളുടെ യാത്ര വഴിതിരിച്ച് വിട്ടായിരുന്നു ട്രക്കുകൾക്ക് വഴിയൊരുക്കിയത്. മൂന്ന് മണിക്കൂറിനൊടുവിൽ മൂന്ന് മണിക്കൂർ പിന്നിട്ട് പുലർച്ചെ 2.10 ഓടെ
ട്രെയിലറുകൾ വയനാട് ലക്കിടിയിലെത്തി.

കർണാടകയിലെ നഞ്ചൻകോടുള്ള നെസ്ലെ ഫാക്ടറിയിലേക്ക് പാൽപ്പൊടി മിക്സിംഗ് യൂണിറ്റായിരുന്നു രണ്ട് ഭീമൻ യന്ത്രങ്ങൾ. കൊറിയയിൽ നിന്ന് ചെന്നെയിലെത്തിയ യന്ത്രങ്ങൾ നഞ്ചൻകോടെത്തിക്കേണ്ടതിൻറെ ഉത്തരവാദിത്വം അണ്ണാമലൈ ട്രാൻസ്പോർട്ടിനായിരുന്നു. ട്രക്കുകൾ കടന്നുപോകുമ്പോൾ നാശനഷ്ടങ്ങളുണ്ടാകുമെന്ന അടിസ്ഥാനത്തിൽ 20 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അണ്ണാമലൈ ട്രാൻസ്പോർട്ട് സർക്കാറിൽ കെട്ടിവച്ചതോടെയാണ് ചുരം കടക്കാൻ അനുമതിയായത്.