മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് പരിക്കേറ്റു. പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന പണമടങ്ങുന്ന പേഴ്സ് തട്ടിയെടുക്കുകയും ചെയ്തു.

കുറ്റിപ്പുറം സ്വദേശിനിയായ നീലാഞ്ജനയാണ് ആക്രമിക്കപ്പെട്ടത്. ബലമായി പിടിച്ചു വലിച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും പണവും മൊബൈലും തട്ടിയെടുത്ത ശേഷം കാറിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നെന്നും നീലാഞ്ജന പറയുന്നു. നീലാഞ്ജനയുടെ കൈക്കും കാലിനും പരിക്കുണ്ട്.ട്രാന്‍സ്ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകയും സംഘടനാംഗവുമായ വിജി റഹ്മാനാണ് സംഭവസ്ഥലത്തെത്തി നീലാഞ്ജനയെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തെക്കുറിച്ച് നീലാഞ്ജന പറയുന്നതിങ്ങനെ:

കുറ്റിപ്പുറത്ത് ട്രാഫിക് സിഗ്‌നലിനടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് മൂന്നു പേര്‍ ഒരു വെള്ള ഓള്‍ട്ടോ കാറിലെത്തി കയറാനാവശ്യപ്പെട്ടത്. കണ്ടപ്പോള്‍ തന്നെ പന്തികേട് തോന്നി ഞാന്‍ പല തവണ ഒഴിഞ്ഞുമാറി. പക്ഷേ അവരെന്നെ കാറിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. എന്റെ കൈയില്‍ 4800 രൂപയുണ്ടായിരുന്നു. ചെറിയച്ഛനു സുഖമില്ലാത്തതിനാല്‍ ആശുപത്രിയാവശ്യങ്ങള്‍ക്കായി പിറ്റേ ദിവസം എത്തിക്കാനുള്ള പണമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ 4800 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് വാങ്ങിച്ചതിനു ശേഷം കാറില്‍ നിന്നും തള്ളിപ്പുറത്തിടാന്‍ നോക്കി. കാറിന്റെ ഡോറാണ് എന്റെ കൈയില്‍ കിട്ടിയത്. ഡോറില്‍ ഞാന്‍ മുറുക്കെ പിടിച്ചപ്പോള്‍ ശരീരമാകെ റോഡിലുരഞ്ഞ് പരിക്കുപറ്റി. ഒരൂപാടു ദൂരം ആ അവസ്ഥയില്‍ എന്നെ വലിച്ചിഴച്ചു കൊണ്ട് വളരെ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചത്. അതിനു ശേഷം ഞാന്‍ പുറത്തേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. കാറില്‍ നിന്നും ഞാന്‍ പുറത്തേക്ക് വീഴുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിയെത്തി. അപ്പോഴേക്കും അവര്‍ കാര്‍ നിര്‍ത്താതെ പോയിക്കഴിഞ്ഞിരുന്നു.

അപ്പോഴും ഓടിക്കൂടിയ ആളുകളാരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വിജി റഹ്മാനെത്തിയ ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതിനു ശേഷം കുറ്റിപ്പുറം സ്റ്റേഷനില്‍ പോയി പരാതിയും കൊടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടു നീങ്ങുക തന്നെ ചെയ്യും. ഇന്ന് എനിക്ക് സംഭവിച്ചത് നാളെ ട്രാന്‍സായ മറ്റൊരാള്‍ക്ക് സംഭവിച്ചുകൂടെന്നില്ലല്ലോ. ഞങ്ങള്‍ക്കും ജീവിക്കണ്ടേ? എന്നും നീലാഞ്ജന ചോദിക്കുന്നു.

ചുരുങ്ങിയ കാലത്തിനിടയില്‍ മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് വിജി റഹ്മാന്‍ പറയുന്നു. നേരത്തേ കോട്ടയ്ക്കലും സമാനമായ സംഭവം നടന്നിരുന്നു.