കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം അറിയുന്നതെന്ന് മാധ്യമപ്രവർത്തക ഹെയ്ദി സാദിയ പറഞ്ഞു. 2019 അവസാനത്തോടെ തന്നെ വൈറ്റിലയിലെ ഫഌറ്റിൽ താമസമാക്കിയ വ്യക്തിയാണ് ഷെറിനെന്ന് ഹെയ്ദി പറഞ്ഞു.
മനോവിഷമമുണ്ടെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
കൊച്ചിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ട്രാൻസ്ജൻഡറുകളാണ് മരിച്ചത്. സമൂഹത്തിൽ നിന്നുണ്ടാകുന്ന അവഗണനയും മാറ്റിനിർത്തലുകളും മറ്റുമുണ്ടാക്കുന്ന മാനസിക വിഷമം ട്രാൻസ്‌ജെൻഡറുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ഹെയ്ദി സാദിയ പറയുന്നു.
ട്രാന്‍സ്ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ത്തന്നെ ഒന്നര വര്‍ഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു.
ഈ മരണത്തേക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായ മരണങ്ങള്‍ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും തയ്യാറാകണം സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.
Leave a Reply