കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥും തവനൂരില്‍ റിയാസ് മുക്കോളിയും പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്തും സ്ഥാനാര്‍ഥികളായേക്കും. ടി.സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ ഇറക്കാനാണ് ആലോചന.

പ്രതിഷേധങ്ങള്‍ തുടരുകയും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നാല് ദിവസം മാത്രം അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകരുതെന്നാണ് കോണ്‍ഗ്രസിലെ തീരുമാനം. അതുകൊണ്ട് ഇന്നലെ രാത്രി തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. പരാതികളുന്നയിച്ചിരുന്ന മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുമായും സംസാരിച്ചു. ഡല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും സംസാരിച്ചതോടെയാണ് ഏകദേശ ധാരണയിലെത്തിയത്.

കുണ്ടറയില്‍ മല്‍സരിക്കുമെന്ന് കരുതിയ പി.സി. വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവില്‍ ഇറങ്ങും. ഇവിടെ ആദ്യം നിശ്ചയിച്ചിരുന്ന കെ.പി. അനില്‍കുമാറിനെതിരെ പ്രതിഷേധം ഉയര്‍ന്നതും തീരുമാനം മാറ്റാന്‍ കാരണമായി. പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന് സീറ്റില്ല. പകരം തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി മല്‍സരിക്കും. നിലമ്പൂരില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശിനെ നിര്‍ത്തുമ്പോള്‍ പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്തിനെയാണ് പരിഗണിക്കുന്നത്. എതിര്‍പ്പുകളുണ്ടങ്കിലും ടി.സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ നിര്‍ത്താനാണ് ആലോചന. ഇന്ന് വയനാട്ടിലെത്തുന്ന രമേശ് ചെന്നിത്തല പ്രതിഷേധക്കാരോട് സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കും.