ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തുർക്കിയെ പിടിച്ചു കുലുക്കിയ ഭൂകമ്പം നടന്നിട്ട് ഒരാഴ്ച പിന്നിടുകയാണ്. മരണസംഖ്യ 55,000 പിന്നിടുമെന്നാണ് യു എൻ ഏറ്റവും ഒടുവിൽ പറയുന്നത്. നിരാശ നിറഞ്ഞ, ജീവിതത്തിലെ സകലതും നഷ്ടപെട്ട സങ്കടത്തിന്റെ ഈ ദിവസങ്ങളിൽ അത്ഭുതങ്ങളുടെ ചില കഥകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജനുവരി 27 ന് നെക്ല കാമുസ് തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി, ധീരൻ എന്നർത്ഥം വരുന്ന യാഗിസ് എന്ന മനോഹരമായ പേര് നൽകി വെറും 10 ദിവസങ്ങൾക്ക് പിന്നിട്ടപ്പോഴാണ് ഈ മഹാദുരന്തം ഉണ്ടായത്. പ്രാദേശിക സമയം 04:17 ന്, തെക്കൻ തുർക്കിയിലെ ഹതായ് പ്രവിശ്യയിലുള്ള അവരുടെ വീട്ടിൽ മകന് ഭക്ഷണം നൽകിക്കൊണ്ട് ഇരിക്കുകയായിരുന്നു നെക്ല. എന്നാൽ നിമിഷങ്ങൾക്കകം, അവശിഷ്ടങ്ങൾക്കടിയിലേക്ക് അവർ ഇടിഞ്ഞുതാണു. സമന്ദാഗ് പട്ടണത്തിലെ ഒരു അഞ്ച് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് നെക്ലയും കുടുംബവും താമസിച്ചിരുന്നത്. സുരക്ഷിതമായ, മനോഹരമായ ഒരു സ്ഥലമാണെന്നാണ് അവൾ അതെ കുറിച്ച് പറയുന്നത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു ദുരന്തം ജീവിതത്തിൽ സംഭവിക്കുമെന്നും അവൾ പറയുന്നു.
‘ഭൂകമ്പം ഉണ്ടായപ്പോൾ ആദ്യം ശ്രമിച്ചത് ഭർത്താവിന്റെ അടുത്തേക്ക് എത്താൻ ആണ്. പക്ഷെ അപ്പോഴേക്കും കെട്ടിടം നിലംപതിച്ചിരുന്നു. പിന്നീട് ഞാൻ അറിയുന്നത് ഒരു നില താഴെ എത്തി എന്നു മാത്രമാണ്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച്, കോൺക്രീറ്റ് പാളികൾക്കിടയിൽ ഏകദേശം നാല് ദിവസമാണ് കിടന്നത്’- നെക്ല പറഞ്ഞു.
ആദ്യദിവസം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചെന്ന് നെക്ല പറഞ്ഞു. പൊടികാരണം കുഞ്ഞിന് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അത് മാറി. രക്ഷിക്കണേ എന്നുള്ള നിലവിളി ആയിരുന്നു പിന്നീടങ്ങോട്ട്. ഒന്ന് തിരിയാനൊ ശ്വാസം വിടാനോ കഴിയാതെയുള്ള ജീവിതമായിരുന്നു ആ ദിനങ്ങളിലെതെന്ന് അവർ ഓർമിക്കുന്നു. കുഞ്ഞിനെ മുലപാൽ നൽകാൻ വരെ ശ്രമിച്ചെന്നും നെക്ല പറയുന്നു.
90 മണിക്കൂറുകൾക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. നായ കുരയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ ആദ്യം സ്വപ്നമാണോ എന്ന് വിചാരിച്ചു, പക്ഷെ അത് ജീവിതത്തിലേക്കുള്ള മടക്കം ആയിരുന്നു – നിറകണ്ണുകളോടെ അവർ കൂട്ടിച്ചേർത്തു. നിലവിൽ നെക്ലയും കുഞ്ഞും ആശുപത്രിയിൽ തുടരുകയാണ്. ഇരുവരും ആരോഗ്യം വീണ്ടെടുത്തെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി
Leave a Reply