35000 രൂപ മാസ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരുടെ സംഘം ഗള്‍ഫിലേക്ക് കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ആ പെണ്‍കുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവള്‍ എത്തപ്പെട്ടത് ദുബായിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.

അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.

രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.

തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നാട്ടില്‍ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു.

  ‘ഭ്രമരം’ ഇന്നായിരുന്നു ചെയ്തതെങ്കിൽ സാദ്ധ്യതകള്‍ ഏറെയുണ്ട്; നന്നായി റീച്ച് കിട്ടാന്‍ സാദ്ധ്യതയുള്ള സിനിമയായിരുന്നു, ബ്ലസ്സി

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം.

ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.

നാട്ടില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കായി കൊണ്ടു പോകുമ്പോള്‍ കമ്പനിയുടെയും ഏജന്‍സിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ഇതൊന്നും അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല.

കിട്ടിയാല്‍ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴുന്നത്. കൃത്യമായി വിവരങ്ങള്‍ അന്വേഷിക്കാനോ ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ ഉടനെ വന്ന് കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഏജന്‍സികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തില്‍ കയറാവൂ, അല്ലെങ്കില്‍ ഇത്തരം ചതിക്കുഴികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!