ട്രെയിന്‍ യാത്ര ചെലവേറിയതാകുന്നു. കാറില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ 13 ഇരട്ടി വരെ പണം ട്രെയിന്‍ ടിക്കറ്റുകള്‍ക്കായി നല്‍കേണ്ടി വരുന്നുണ്ടെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടനിലെ 20 ഇടങ്ങളിലേക്ക് പീക്ക് ടൈമില്‍ നടത്തിയ യാത്രകളില്‍ കാര്‍ യാത്രയാണ് താരതമ്യേന ചെലവ് കുറഞ്ഞതെന്ന് വ്യക്തമായി. നിരക്കുകളിലുണ്ടാകുന്ന വര്‍ദ്ധനയില്‍ ട്രെയിന്‍ യാത്രക്കാര്‍ ക്ഷുഭിതരാണ്. ഗതാഗത തടസങ്ങളും കാര്യേജുകളിലെ തിരക്കുമെല്ലാം നിരക്കുകള്‍ കുറയ്ക്കാന്‍ കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദ്ദം ഏറ്റുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറു മാസത്തിനിടെ പെട്രോള്‍ വില ഏറ്റവും ഉയര്‍ന്നിരിക്കുന്ന ഈ സമയത്തും ശരാശരി ഫുള്‍ ടാങ്ക് അണ്‍ലെഡഡ് നിറയ്ക്കാന്‍ 70 പൗണ്ട് മാത്രം മതിയാകും.
ബ്രിട്ടനിലെ ഏറ്റവും വില്‍പനയുള്ള കാറായ ഫോര്‍ഡ് ഫിയസ്റ്റയിലാണ് പെട്രോള്‍പ്രൈസ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് പഠനം നടത്തിയത്. 20 യാത്രകളില്‍ ഉണ്ടാകുന്ന ഇന്ധനച്ചെലവാണ് പഠന വിധേയമാക്കിയത്. ഒരു ദിവസം മുമ്പ് ബുക്ക് ചെയ്ത് പീക്ക് ടൈമില്‍ നടത്തിയ റിട്ടേണ്‍ റെയില്‍ യാത്രകളുടെ നിരക്കുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ ഇവ തമ്മിലുള്ള വ്യത്യാസം വ്യക്തമായി. രാവിലെ 8 മണിക്കായിരുന്നു യാത്രകള്‍. ലൂട്ടണില്‍ നിന്ന് കേംബ്രിഡ്ജിലേക്കും തിരിച്ചും ഇതേ സമയത്തുള്ള ട്രെയിന്‍ യാത്രയ്ക്ക് 84.60 പൗണ്ടാണ് ചെലവായത്. അതേസമയം കാറില്‍ ഈ ദൂരം യാത്ര ചെയ്യാന്‍ ആവശ്യമായി വന്നത് 6.40 പൗണ്ടിന്റെ പെട്രോള്‍ മാത്രമാണ്.
കാറില്‍ 40 മൈല്‍ ദൂരമാണ് ഈ യാത്രയില്‍ സഞ്ചരിക്കേണ്ടി വരുന്നത്. ഈ കേന്ദ്രങ്ങള്‍ തമ്മില്‍ നേരിട്ട് ലിങ്ക് ഇല്ലാത്തതിനാല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ലണ്ടനില്‍ ഇറങ്ങി മാറിക്കയറേണ്ട അവസ്ഥയും ഉണ്ട്. ലണ്ടന്‍-മാഞ്ചസ്റ്റര്‍ യാത്രയ്ക്ക് ട്രെയിനില്‍ 327 പൗണ്ടാണ് നല്‍കേണ്ടത്. 398 മൈല്‍ വരുന്ന ഈ യാത്രയ്ക്ക് കാറില്‍ ചെലവാകുന്നത് 33.97 പൗണ്ടിന്റെ ഇന്ധനം മാത്രം. എന്നാല്‍ തടസങ്ങളില്ലെങ്കില്‍ വളരെ വേഗത്തില്‍ ട്രെയിനുകള്‍ എത്തിച്ചേരും എന്ന സൗകര്യവും ഉണ്ട്. ലണ്ടന്‍ യൂസ്റ്റണില്‍ നിന്ന് മാഞ്ചസ്റ്ററിലെ പിക്കാഡിലിയിലേക്ക് കാര്‍ യാത്രയേക്കാള്‍ പത്തിരട്ടി പണം നല്‍കേണ്ടി വരുമെങ്കിലും രണ്ടു മണിക്കൂറില്‍ ഇവിടെ എത്തിച്ചേരും. കാറിലാണെങ്കില്‍ നാലു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യേണ്ടി വരും.
Leave a Reply