ലണ്ടന്‍: നടപ്പാതകള്‍ തടസരഹിതമാക്കാനുള്ള പദ്ധതിയുമായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്. വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍, പുഷ്‌ചെയര്‍ ഉപയോഗിക്കുന്നവര്‍, കാഴ്ചാ വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് തടസമാകുന്ന വിധത്തില്‍ നടപ്പാതകളില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നതിനേക്കുറിച്ച് ആലോചിക്കുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ഈ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപ്പാതയുടെ അരികുകളിലും മറ്റും വാഹനങ്ങള്‍ മുന്‍കൂര്‍ അനുവാദമില്ലാതെ പാര്‍ക്ക് ചെയ്യുന്നത് കൗണ്‍സിലുകള്‍ക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കാം. വീഴ്ച വരുത്തുന്നവര്‍ക്ക് 70 പൗണ്ട് വരെ പിഴശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ലണ്ടനില്‍ കഴിഞ്ഞ 40 വര്‍ഷമായി പേവ്‌മെന്റിലെ പാര്‍ക്കിംഗിന് നിരോധനമുണ്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ രാജ്യമൊട്ടാകെ നടപ്പാതയിലെ പാര്‍ക്കിംഗ് നിരോധനം പ്രാബല്യത്തിലാകും. ജനങ്ങള്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നതും നടക്കുന്നതും പ്രോത്സാഹിപ്പിക്കാനായി പേവ്‌മെന്റ് പാര്‍ക്കിംഗിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് രണ്ട് വര്‍ഷം മുമ്പ് ഡിഎഫ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമായിരുന്നില്ല. പക്ഷേ ഈ വര്‍ഷം ഗതാഗതച്ചട്ടങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റ് നല്‍കുന്ന സൂചന.

  വിവാഹത്തിന് വരൻ എത്താതിരുന്നാൽ : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ - അധ്യായം 85

അതേസമയം ഈ നിരോധനത്തിനെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ രംഗത്തെത്തി. ചില തെരുവുകളില്‍ പാര്‍ക്കിംഗ് സാധ്യമാക്കാത്ത നിയമമാണ് നടപ്പലാകുന്നതെന്ന് പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. വളരെ ഇടുങ്ങിയ ചില തെരുവുകളില്‍ പേവ്‌മെന്റ് ഒഴിവാക്കി പാര്‍ക്ക് ചെയ്താല്‍ ബിന്‍ ലോറികള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. പേവ്‌മെന്റുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ കാല്‍നട യാത്രക്കാരെയും വീല്‍ചെയര്‍, പുഷ്‌ചെയര്‍ ഉപയോക്താക്കളെയും പരിഗണിച്ചുകൊണ്ടാണ് പാര്‍ക്ക് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.