ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോൺ-ഡൊമിസൈൽ ടാക്സ് സ്റ്റാറ്റസ് നിർത്തലാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ലേബർ പാർട്ടി സർക്കാർ നടപ്പിലാക്കുമോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. നോൺ-ഡൊമിസൈൽ ടാക്‌സ് നിർത്തലാക്കുകയാണെങ്കിൽ അത് യുകെയുടെ സമ്പദ് വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച് ട്രഷറി തലത്തിൽ പഠനം നടത്തി വരികയാണ്. ഇതിൻറെ പേരിൽ സമ്പന്നരായ ആൾക്കാർ യുകെയിലെ താമസം ഉപേക്ഷിച്ചാൽ അത് എത്രമാത്രം രാജ്യത്തെ സാമ്പത്തികമായി ബാധിക്കും എന്ന വിഷയത്തിലാണ് വിചിന്തനം നടന്നു കൊണ്ടിരിക്കുന്നത്.
നോൺ ഡെമിസൈൽ ടാക്സ് സ്റ്റാറ്റസ് നിർത്തലാക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞത് തിരഞ്ഞെടുപ്പിന്റെ സമയത്ത് വൻ ചർച്ചാ വിഷയമായിരുന്നു. മുൻ പ്രധാനമന്ത്രി ഋഷി സുനകിൻ്റെ ഭാര്യ അക്ഷത മൂർത്തിയാണ് ഈ ആനുകൂല്യം കൈപ്പറ്റിയ പ്രമുഖ വ്യക്തികളിൽ ഒരാൾ. സംഭവം വിവാദമായതോടെ യുകെയ്ക്ക് പുറത്ത് ലഭിക്കുന്ന വരുമാനത്തിന് യുകെയിൽ നികുതി അടയ്ക്കാൻ തുടങ്ങുമെന്ന് അവർ പറഞ്ഞു. നോൺ-ഡൊമിസൈൽ ടാക്സ് സ്റ്റാറ്റസ് എടുത്തുമാറ്റിയാൽ സമ്പന്നരായ വ്യക്തികൾ നികുതി താരതമ്യേന കുറഞ്ഞ രാജ്യങ്ങൾ കൂടുതൽ നിക്ഷേപകങ്ങൾക്കായി തിരഞ്ഞെടുക്കാനുള്ള സാധ്യത ഉടലെടുക്കും. ഈ ഒരു സാഹചര്യത്തിൽ നോൺ-ഡൊമിസൈൽ ടാക്‌സ് എടുത്തു കളഞ്ഞാൽ ഈ വിഭാഗത്തിൽപ്പെടുന്നവർ യുകെയിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
നോൺ-ഡോം ടാക്സ് എന്നത് യുകെയിലെ പ്രത്യേക നികുതി നിയമങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ പരുധിയിൽ വരുന്ന വ്യക്തി യുകെയിലെ താമസ സൗകര്യങ്ങൾക്കും ഒപ്പം അവർക്ക് മറ്റൊരു രാജ്യത്ത് സ്ഥിരമായ ഭവനവുമുണ്ട്. ഇത്തരം വ്യക്തികൾക്ക് നോൺ-ഡൊമിസൈൽ ടാക്‌സ് കിട്ടുന്നതിനുള്ള വൻ നികുതിയിളവ് ആണ് ലഭിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ അവർക്ക് യുകെയിലുള്ള വരുമാനത്തിനും ആസ്തിക്കും മാത്രം നികുതി നൽകിയാൽ മതിയാകും. തങ്ങളുടെ വിദേശ നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കുകയും ചെയ്യും. സമ്പന്നരായ വ്യക്തികളെ യുകെയിലേക്ക് ആകർഷിക്കുന്നതിനാണ് നോൺ-ഡോം ടാക്സ് സ്റ്റാറ്റസ് ഭരണകൂടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഇതുവഴിയായി സമ്പന്നർക്ക് നികുതിയിളവ് വാഗ്ദാനം ചെയ്തതിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്
Leave a Reply