ലണ്ടന്‍: നോ-ഡീല്‍ ബ്രെക്‌സിറ്റിന് വേണ്ടിയുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കായി നിയോഗിക്കപ്പെട്ട 6,000 സിവില്‍ സെര്‍വന്റ്‌സിന് പിന്‍വലിച്ച് യു.കെ. ഈയിനത്തില്‍ രാജ്യം ചെലവഴിച്ചത് ഏതാണ്ട് 1.5 ബില്യണ്‍ പൗണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഇത്രയധികം സിവില്‍ സര്‍വെന്റ്‌സിനെ ഉപയോഗിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്നിരിക്കുന്ന തീരുമാനമെന്നാണ് സൂചന. സംഭവത്തില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ സംബന്ധിച്ച് ഇത്രയും തുക അധിക ചെലവായിരുന്നുവെന്നും നോ-ഡീല്‍ ബ്രെക്‌സിറ്റിന്റെ സാധ്യത നിലനിര്‍ത്താന്‍ തെരേസ മേയുടെ തന്ത്രമായിരുന്നു ഇതെന്നും ലേബര്‍ നേതാവ് ഹിലാരി ബെന്‍ പ്രതികരിച്ചു.

ഏതാണ്ട് 16,000 സിവില്‍ സെര്‍വെന്റ്‌സായിരുന്നു ബ്രെക്‌സിറ്റ് കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 6,000 പേരെയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ സാധാരണ ചെയ്തിരുന്ന മറ്റു ജോലികളിലേക്ക് തിരികെ പോകും. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ കാര്യങ്ങള്‍ രാജ്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് നേരത്തെ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വലിയൊരു വിഭാഗം നോ-ഡീല്‍ പ്രതിസന്ധികള്‍ മറികടക്കാനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. എന്നാല്‍ ബ്രെക്‌സിറ്റുമായി നടക്കുന്ന പുതിയ നീക്കുപോക്കുകള്‍ മാറിമറിഞ്ഞതോടെയാണ് ഇവരെ പിന്‍വലിക്കാന്‍ മേയ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നേരത്തെ താന്‍ അവതരിപ്പിക്കുന്ന ഡീല്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജി സന്നദ്ധതയും മേയുടെ രക്ഷക്കെത്തിയില്ലെന്നതാണ് സത്യം.

താന്‍ വെക്കുന്ന നയരേഖ അംഗീകരിക്കുക അല്ലെങ്കില്‍ കാര്യങ്ങള്‍ നോ-ഡീലിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രിയുടെ ശാഠ്യത്തിന്റെ ബാക്കി പത്രമാണ് നിലവില്‍ നടക്കുന്ന പ്രശ്‌നങ്ങളെന്ന് ഹിലാരി ബെന്‍ കുറ്റപ്പെടുത്തുന്നു. ലേബര്‍ പാര്‍ട്ടി മേയ്‌ക്കെതിരെ സമാന വിമര്‍ശനങ്ങള്‍ മുന്‍പും ഉന്നയിച്ചിരുന്നു. മേയുടെ ശാഠ്യങ്ങളാണ് കാര്യങ്ങള്‍ പ്രതികൂലമാക്കിയതെന്ന് ലേബര്‍ ആരോപിക്കുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡീലില്‍ വലിയ മാറ്റങ്ങളില്ലാതെ കോമണ്‍സിന്റെ അംഗീകാരം മേയ്ക്ക് ലഭിക്കില്ലെന്നാണ് ജെറമി കോര്‍ബന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഡീലില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മേയ് തയ്യാറായേക്കില്ല.