ലണ്ടൻ: സാധാരണ പോലെയുള്ള ഒരു സായാഹ്നം തന്നെ ആയിരുന്നു എക്‌സീറ്ററിലെ പ്രിന്‍സ് പീറ്ററിന്റെ വീട്ടിൽ. ആരെങ്കിലും ഒരാൾ വീട്ടിൽ ഉണ്ടാവും. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ… വീടുകളിൽ പോലും ഒരു ഷിഫ്റ്റ് സമ്പ്രദായം നിലനിക്കുന്ന ജീവിതമാണ് യുകെയിലുള്ളത്. അമ്മയും കുട്ടികളും തനിച്ച്. ഗൃഹനാഥന്‍ ജോലി സ്ഥലത്തും. വൈകുന്നേരത്തെ ജോലികള്‍ എല്ലാം കഴിഞ്ഞ വിശ്രമ വേള. അല്‍പം നാട്ടുവാർത്ത ഒക്കെ കേൾക്കാം എന്ന് കരുതിയായിരിക്കാം എ ലെവല്‍ വിദ്യാര്‍ത്ഥിയായ മകനോട് ടിവിയില്‍ മലയാളം ചാനല്‍ ട്യൂണ്‍ ചെയ്യാന്‍ ആവശ്യപ്പെടുക ആയിരുന്നു ട്രീസ. ഏകദേശം ആറു മണി കഴിഞ്ഞു പത്തു മിനിറ്റ് കഴിഞ്ഞതേയുളളൂ. അമ്മ സ്വസ്ഥമായി ടിവി കാണട്ടെയെന്നു കരുതി മകന്‍ മുകള്‍ നിലയിലേക്കും പോയി. മകള്‍ തൊട്ടപ്പുറത്തെ മുറിയില്‍ പഠനവുമായി ബന്ധപ്പെട്ട തിരക്കിലും ആയിരുന്നു. ഇതിനിടയില്‍ ട്രീസ ചായ എടുക്കാനോ മറ്റോ അടുക്കളയില്‍ പോയിരിക്കണം. ഏതാണ്ട് പത്തു മിനിറ്റിനു ശേഷം ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയ പ്രിന്‍സ്  മക്കളോട് അമ്മയെവിടെ എന്ന് ചോദിച്ചപ്പോള്‍ താഴെ ഉണ്ടല്ലോയെന്നു മക്കളുടെ മറുപടിയും വന്നു.

ഉടന്‍ അടുക്കളയിലേക്കു വന്ന പ്രിന്‍സിന്റെ സ്തബ്ധ നാഡികളും നിലച്ചു പോകുന്ന കാഴ്ചയാണ് കാണുന്നത്. ട്രീസ നിലത്തു വീണു കിടക്കുന്നു. ഉടന്‍ ആംബുലന്‍സ് എത്തി പരിശോധനകള്‍ നടത്തിയെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. ഇപ്പോള്‍ ജീവനും മരണത്തിനും ഇടയില്‍ ഉണ്ടായ പത്തു മിനിറ്റ് ദൈര്‍ഘ്യത്തിന്റെ കാരണം അറിയാതെ കേഴുകയാണ് പ്രിന്‍സും മക്കളും. മരണകാരണം ആയേക്കാവുന്ന ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നതായി ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലെന്നു എക്‌സീറ്റര്‍ മലയാളികളും പറയുന്നു. അക്കാരണത്താല്‍ തന്നെ ബുധനാഴ്ച വൈകിട്ട് അവരുടെ മൊബൈല്‍ ഫോണുകളില്‍ എത്തിയ സന്ദേശം വായിച്ചപ്പോൾ ഉണ്ടായ  നടുക്കം പലര്‍ക്കും ഇപ്പോഴും തുടരുന്നു. എപ്പോള്‍ കണ്ടാലും എന്തെങ്കിലും സംസാരിച്ചു കടന്നു പോകുന്ന ട്രീസ ഇനി തങ്ങള്‍ക്കൊപ്പമില്ല എന്ന യാഥാര്‍ഥ്യം ഇനിയും പലരുടെയും മനസ്സില്‍ ഉറപ്പിക്കാനുമായിട്ടില്ല.

കുട്ടികള്‍ അല്‍പം മുതിര്‍ന്നെങ്കിലും മരണത്തിനു തൊട്ടു മുന്‍പ് വരെ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയുടെ വേര്‍പാട് ഇനിയും അവര്‍ ഉള്‍ക്കൊണ്ടോ എന്ന ആശങ്ക ഉറ്റ സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ എങ്ങനെ കുട്ടികളെയും പ്രിന്‍സിനെയും ആശ്വസിപ്പിക്കും എന്ന് കരുതി കുഴങ്ങുന്നവരും ഉണ്ട്. കാരണം ഇതൊന്നും ആരും പ്രതീക്ഷിക്കാത്ത സമയത്താണ് കള്ളനെപ്പോലെ മരണം കടന്നു വന്നത്. ഏതാനും വര്ഷം മുന്‍പ് ട്രീസയും മക്കളും അല്‍പ കാലം നാട്ടില്‍ ചിലവിട്ടിരുന്നതായും അടുത്ത സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു . മടങ്ങി എത്തിയ ട്രീസ ഫുള്‍ ടൈം ജോലി ചെയ്തിരുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത് . ഡെവോണ്‍ എന്‍ എച് എസ ട്രസ്റ്റില്‍ സ്റ്റാഫ് നേഴ്‌സായിരുന്നു ട്രീസ . എ ലെവല്‍ വിദ്യാര്‍ത്ഥി ഫ്രാന്‍സിസും സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ട്വിങ്കിളുമാണ് മക്കള്‍ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തളരാന്‍ ഉള്ള സമയമല്ല, താങ്ങാന്‍ ഉള്ള സമയമാണിത് എന്ന് തിരിച്ചറിയുന്ന എക്‌സീറ്റര്‍ മലയാളി സമൂഹവും കാത്തോലിക് വിശ്വാസ സമൂഹവും ഒരുമിച്ചു പ്രിന്‍സിനും മക്കള്‍ക്കും തണലായി മാറുകയാണ്. പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാനും ഉറ്റവര്‍ക്കും ഉടയവര്‍ക്കും ആശ്വാസം പകരുവാനും ഇന്നലെ വൈകിട്ട് ഫാ. സണ്ണി പോളിന്റെ നേതൃത്വത്തില്‍ വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നിരുന്നു. ബ്രിട്ടന്‍ കത്തോലിക്കാ രൂപത കേന്ദ്രത്തില്‍ നിന്നും ബിഷപ്പിന്റെ നിര്‍ദേശം അനുസരിച്ചു ബന്ധപ്പെട്ടവര്‍ പ്രിന്‍സിന്റെ വീട്ടില്‍ വിളിച്ചു ആശ്വാസം പകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ട്രീസയുടെ സഹോദരന്‍ വിവരം അറിഞ്ഞ് ഉടന്‍ തന്നെ കെന്റില്‍ നിന്നും എക്‌സീറ്ററില്‍ എത്തിയിരുന്നു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന സമയ ക്രമീകരണത്തിനായി കാത്തിരിക്കുകയാണ് കുടുംബ അംഗങ്ങള്‍. മൃതദേഹം കുടുംബത്തിന് ലഭിക്കുന്ന ഉടന്‍ സ്വദേശമായ പൊന്‍കുന്നത്ത് എത്തിക്കാന്‍ ഉള്ള ശ്രമമാണ് കുടുംബം നടത്തുന്നത്. അതിനിടെ, ട്രീസയുടെ വീട്ടില്‍ നടക്കുന്ന ഹൃദ്രോഗ മരണങ്ങളുടെ തുടര്‍ പരമ്പരയില്‍ ഒടുവിലത്തേത് ആയിരിക്കണമേ ട്രീസയുടെ മരണം എന്ന് പ്രാര്‍ത്ഥിക്കുകയാണ് നാട്ടിലെ ബന്ധുക്കളും മറ്റും. രണ്ടു വര്‍ഷം മുന്‍പ് ഇതേ പ്രായത്തില്‍ ട്രീസയുടെ സഹോദരന്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നതായി വിവരം ലഭിച്ചു. ട്രീസയുടെ പിതാവും ഹൃദ്രോഗ ബാധിതനായാണ് മരിക്കുന്നത്.

ഒക്ടോബര്‍ പടിയിറങ്ങുമ്പോള്‍ ട്രീസ്സയുടെയും ഇന്നലെ ലെസ്റ്ററില്‍ മരിച്ച വൃദ്ധ പിതാവ് എന്‍ എസ് ജോണിന്റെയും മരണത്തോടെ ഒക്ടോബറിൽ അതും രണ്ട് ആഴ്ചക്കുള്ളിൽ ആറു മരണങ്ങളാണ് യുകെയിലെ പ്രവാസി മലയാളികൾക്ക് നേരിടേണ്ടിവന്നത്. ഇതിനെല്ലാം പുറമെയാണ് ഇന്ന് രാവിലെ സാലിസ്ബറിയിൽ മരിച്ച കോട്ടയം സ്വദേശിനിയായ സീന ഷിബു.