കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ നടപടികൾ പുരോഗമിക്കുമ്പോൾ വീണ്ടും കല്ലട വില്ലനായി മാറുകയാണ്. ഇത്തവണ ഇരയായത് യാത്രക്കാരിയായ യുവതിയാണ്. പാതിരാത്രിയില്‍ ഭക്ഷണത്തിന് നിര്‍ത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട ബസ് പോയെന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാതിവഴിയിൽ രാത്രി തനിച്ചായ യുവതി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാർ ബസ് നിർത്തിയില്ല. യുവതി ബസിന് പിന്നാലെ ഒാടുന്നത് കണ്ട് മറ്റ് വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും ഉറക്കെ വിളിച്ചിട്ടും ജീവനിക്കാർ കേൾക്കാത്ത രീതിയിൽ മുന്നോട്ടുപോയി. കണ്ടിട്ടും കാണാത്ത രീതിയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. ഒടുവില്‍ അതുവഴി വന്ന കാർ ഡ്രൈവർ ബസിനെ ഒാവർടേക്ക് ചെയ്ത് ഡ്രൈവറോട് കാര്യം പറഞ്ഞു. എന്നാൽ അപ്പോഴും മടങ്ങി വന്ന് യുവതിയെ കയറ്റാന്‍ കല്ലട ജീവനക്കാര്‍ തയാറായില്ല.
രാത്രി ദേശീയ പാതയിലൂടെ ഒാടിയാണ് യുവതി വണ്ടിയിൽ കയറിയത്. ബെംഗളൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ പെണ്‍കുട്ടിയ്ക്കാണ് കല്ലട ബസിൽ നിന്നും ദുരനുഭവം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ നിർത്തിയപ്പോഴാണ് സംഭവം. ഒരു മുന്നറിയിപ്പും നല്‍കാതെ പെട്ടെന്ന് ബസ് എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തനിക്കുണ്ടായ ദുരിതം കൂട്ടുകാരെ അറിയിച്ചതോടെ ഡ്രൈവറെ വിളിച്ച് അവര്‍ അന്വേഷിച്ചു.
എന്നാല്‍ ഭീഷണിപ്പെടുത്തുകയാണ് ഡ്രൈവര്‍ ചെയ്തത്. ഒരു യുവതിയെ രാത്രിയില്‍ പാതിവഴിയില്‍ ഇറക്കിവിട്ടിട്ട് പോന്നതെന്തിനാണെന്ന ചോദ്യത്തിന് മലയാളിയായ ഡ്രൈവര്‍ പറഞ്ഞത് യാത്രക്കാര്‍ കയറിയോ ഇല്ലയോ എന്ന് നോക്കേണ്ടത് തന്റെ ജോലിയല്ലെന്നാണ്. പിന്നീട് ഡ്രൈവർ പറഞ്ഞ വാക്കുകളിങ്ങനെ. ഏത് ട്രാവല്‍സിനോടാണ് താന്‍ സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ്, തനിക്ക് കല്ലട ആരാണെന്ന് അറിയുമോ എന്നാണെന്നും യുവതി വെളിപ്പെടുത്തുന്നു.
Leave a Reply