പാങ്ങലുകാട് ടൊണിൽ നടുറോഡിൽ വെച്ച് സ്ത്രീകൾ തമ്മിൽ തല്ലിയതിന്റെ വീഡിയോ പകർത്തിയെന്ന് ആരോപിച്ച് യുവതി ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കൽ സ്വദേശി വിജിത്തിനെ ആക്രമിച്ച് കൈയ്യൊടിച്ചത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അൻസിയയാണ് വിജിത്തിനെ കമ്പിവടി കൊണ്ട് അടിച്ചത്. ഇവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഒപ്പമുള്ള മകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉള്ള കാലതാമസം കാരണം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പാങ്ങലുകാട് തയ്യൽക്കട നടത്തിവരികയാണ് അൻസിയ. ഇവരും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡിൽ വെച്ച് തല്ലുണ്ടായത്. തെറിവിളിയും കല്ലേറുമൊക്കെയായി സിനിമാ സ്‌റ്റൈലിൽ നടന്ന അടിയുടെ വീഡിയോ വിജിത്ത് പകർത്തിയെന്നായിരുന്നു അൻസിയയുടെ സംശയം.

ഇതേകുറിച്ച് ചോദിക്കാനായി അൻസിയ ഓട്ടോസ്റ്റാന്റിലെത്തി. വിജിത്ത് പകർത്തിയ ദൃശ്യങ്ങൾ കാണണം എന്നും മൊബൈൽ നൽകാനും അൻസിയ ആവശ്യപെടുകയായിരുന്നു. എന്നാൽ താൻ വീഡിയോ എടുത്തില്ലെന്നും മൊബൈൽ നൽകാൻ കഴിയില്ല എന്നും വിജിത്ത് പറഞ്ഞു. തുടർന്ന് ഓട്ടോയിലേക്ക് വിജിത്ത് കയറാൻ ശ്രമിക്കവേ
അൻസിയ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

വിജിത്തിനെ ആക്രമിച്ച ശേഷം മകനുമായി തയ്യൽക്കടയിലേക്ക് ഓടിക്കയറിയ അൻസിയ കടയുടെ ഷട്ടർ ഇട്ടു. പരിക്കേറ്റ വിജിത്തിനെ മറ്റുള്ളവർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ, മകന്റെ തലയിൽ സിന്ദൂരം വാരി തേച്ച് പരിക്ക് പറ്റി എന്ന് വരുത്തിത്തീർക്കാൻ അൻസിയ ശ്രമിച്ചതായും തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയതായും വിജിത്ത് ആരോപിക്കുന്നു.

കൂടാതെ, അൻസിയ മർദിച്ചതായി കാട്ടി ഇതിന് മുൻപ് രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്. ഈ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്.