കെവിൻ കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെ കോടതിക്കുള്ളിൽ സാക്ഷിക്ക് ഭീഷണി. കേസിലെ പ്രതികൾക്കെതിരെ നിർണായക മൊഴി നൽകിയ ലിജോയ്ക്കു നേരെയാണ് ഭീഷണി ഉണ്ടായത്. പ്രതിക്കൂട്ടിൽ നിന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെയാണ് ലിജോയെ ഭീഷണിപ്പെടുത്തിയത്. നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തിൽ പ്രതിക്ക് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി താക്കീത് നൽകി. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു.
കെവിനെ വധിച്ചുവെന്ന് കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് ഷാനുവിന്റെ സുഹൃത്ത് ലിജോ വിചാരണയ്ക്കിടെ കോടതിയിൽ മൊഴി നൽകിയത്. കേസിലെ 26-ാം സാക്ഷിയാണ് ലിജോ. നേരത്തെ ലിജോയുടെ രഹസ്യമൊഴി പോലീസ് കോടതിക്ക് മുൻപാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും 26-ാം സാക്ഷി നൽകിയിരിക്കുന്നത്. ഷാനു തന്നെ വിളിച്ചപ്പോൾ കോടതിയിൽ കീഴടങ്ങാൻ താൻ നിർദ്ദേശിച്ചുവെന്നും ലിജോ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കെവിൻ കൊല്ലപ്പെടുന്നതിന്റെ തലേന്ന് നീനുവിനെ അന്വേഷിച്ച് ഷാനുവും പിതാവ് ചാക്കോയും കോട്ടയത്ത് എത്തിയിരുന്നു. ഈ സമയമത്രയും ലിജോയും ഇവർക്കൊപ്പമുണ്ടായിരുന്നു.
പിന്നീട് മടങ്ങിപ്പോയ ശേഷം ഷാനു പ്രതികൾക്കൊപ്പം കോട്ടയത്തെത്തി കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. കെവിനെ വധിച്ചുവെന്നും സുഹൃത്ത് അനീഷിനെ തട്ടിക്കൊണ്ടുവന്ന് വിട്ടയച്ചുവെന്നും ഷാനു ഫോണിൽ വിളിച്ച് അറിയിച്ചുവെന്നാണ് ലിജോയുടെ മൊഴി. പ്രോസിക്യൂഷന് സഹായമാകുന്ന നിർണായക മൊഴിയാണ് ലിജോ നൽകിയിരിക്കുന്നത്.
Leave a Reply