ആലപ്പുഴ പുളിങ്കുന്നിലും ബീഫ് വിവാദം കൊഴുക്കുമ്പോൾ ! ബീഫ് തീറ്റിച്ചുവെന്ന ആരോപണം ഉന്നയിച്ച രണ്ട് വിദ്യാര്‍ത്ഥികളും എബിവിപി പ്രവര്‍ത്തകര്‍, സെമിനാറിന് ഹാള്‍ വിട്ടുനല്‍കിയ പ്രിന്‍സിപ്പലിനെതിരെ ആരോപണവും!

ആലപ്പുഴ പുളിങ്കുന്നിലും ബീഫ് വിവാദം കൊഴുക്കുമ്പോൾ !  ബീഫ് തീറ്റിച്ചുവെന്ന ആരോപണം ഉന്നയിച്ച  രണ്ട് വിദ്യാര്‍ത്ഥികളും എബിവിപി പ്രവര്‍ത്തകര്‍, സെമിനാറിന് ഹാള്‍ വിട്ടുനല്‍കിയ പ്രിന്‍സിപ്പലിനെതിരെ ആരോപണവും!
January 28 06:33 2018 Print This Article

കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളെജിലെ ബീഫ് വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെറ്റിധരിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി പരാതി നല്‍കിയ രണ്ട് വിദ്യാര്‍ത്ഥികളും എബിവിപിയുടെ സജീവ പ്രവര്‍ത്തകര്‍. പ്രിന്‍സിപ്പലിനോട് എബിവിപിക്ക് നേരത്തെ വൈരാഗ്യവും ഉണ്ടായിരുന്നുവെന്നും സംഭവം നേരിട്ടറിയാവുന്നവര്‍ പറയുന്നു.

ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ അധികൃതര്‍ തെറ്റിധരിപ്പിച്ച് ബീഫ് കട്‌ലറ്റ് കഴിപ്പിച്ചുവെന്ന പരാതിയുമായാണ് ഇവര്‍ രംഗത്തെത്തിയത്. കോളെജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ചായയ്‌ക്കൊപ്പം ലഘു ഭക്ഷണമായി കട്‌ലറ്റ് വിതരണം ചെയ്തിരുന്നു. എന്നാല്‍ സസ്യ ആഹാരികളായ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബീഫ് കട്‌ലറ്റ് വിതരണം ചെയ്തുവെന്നാണ് ഇവരുടെ ആരോപണം.

എന്നാല്‍ സംഗതിയിലെ വസ്തുത ഏവരിലും കൗതുകമുണര്‍ത്തുന്നതാണ്. ഒരു ബാങ്കിന് സെമിനാര്‍ നടത്താനായി ഹാള്‍ വിട്ടുനല്‍കുകയായിരുന്നു അദ്ദേഹം. ബാങ്ക് നടത്തിയ സെമിനാറിനിടയില്‍ ചായയോടൊപ്പം കട്‌ലറ്റും വിതരണം ചെയ്തു. വെജും നോണ്‍ വെജും കട്‌ലറ്റുകള്‍ ഉണ്ടെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞുവെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ വെജിറ്റബിള്‍ കട്‌ലറ്റ് എന്നുപറഞ്ഞ് ബീഫ് കട്‌ലറ്റ് കഴിപ്പിച്ചുവെന്നുപറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി. നേരെ പരാതിയുമായി പോയത് കളക്ടറുടെ അടുത്തേക്ക്. പരാതി ആര്‍ക്ക് എതിരെയാണെന്നുള്ളതാണ് കൗതുകകരം, പ്രിന്‍സിപ്പലിനെതിരെ!

പ്രിന്‍സിപ്പലിനെതിരെ എബിവിപിക്ക് നേരത്തേതന്നെ ആക്ഷേപമുണ്ടായിരുന്നു. സരസ്വതീപൂജ നടത്താന്‍ സമ്മതിച്ചില്ല എന്നുംമറ്റുമാണ് ആരോപണങ്ങള്‍. എന്നാല്‍ ഇത് വര്‍ഷങ്ങളായി നടക്കുന്നതാണെന്നും താന്‍ ഒരിക്കലും ഇതിനെതിരല്ല എന്ന് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ പറയുന്നു. സമരം ചെയ്ത ഒരാളെ സസ്‌പെന്റ് ചെയ്തിരുന്നു. പ്രശ്‌നം സംസാരിച്ച് പരിഹരിച്ച് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സരസ്വതീ പൂജ നടത്തിയതിനാണ് ഇയാളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തതെന്നാണ് എബിവിപി പ്രവര്‍ത്തകര്‍ പറയുന്നത്.

കോളെജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം വിദ്യാര്‍ഥി ബിഹാര്‍ സ്വദേശി അങ്കിത് കുമാര്‍, കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഹിമാംശു കുമാര്‍ എന്നിവരാണ് കോളെജ് അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവര്‍ കേരളത്തിലെത്തി പഠനം ആരംഭിച്ചിട്ടും വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. രംഗം വഷളാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് ഇവര്‍ക്കെതിരെ ആരോപണം തിരിച്ചും ഉയര്‍ന്നിട്ടുണ്ട്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles